മനാമ: ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് മടങ്ങാന്‍ അനുമതി. കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്‌റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്.

ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യം മടങ്ങാനും അവസരം ലഭിക്കുക. ബഹ്‌റൈന്‍ സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇമെയില്‍ അല്ലെങ്കില്‍ കോള്‍ വഴി ബന്ധപ്പെടും. ഈ പട്ടിക മനാമയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക് അയയ്ക്കും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എംബസി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.