ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടര്‍ന്നാല്‍ താന്‍ രാജി വെക്കാമെന്ന് ബാഴ്‌സ പ്രസിഡന്റ് ജോസപ് ബാര്‍തോമ്യു. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ക്ലബില്‍ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാല്‍ രാജിവെക്കാമെന്ന് ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെസി കരാറിലെത്തിയെന്നും തീരുമാനം ഉടന്‍ അദ്ദേഹം പരസ്യമായി അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ബാര്‍തോമ്യു രാജിവച്ച് മെസി ക്ലബില്‍ തുടരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌റ്റേഡിയത്തിനു പുറത്ത് തടിച്ചു കൂടിയ ബാഴ്‌സലോണ ആരാധകര്‍ ഇതേ ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ബാര്‍തോമ്യുവിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യവുമായി ബാഴ്‌സലോണ അംഗങ്ങളുടെ ഏറ്റവും വലിയ സംഘടനയായ മാനിഫെസ്റ്റ് ബ്ലോഗ്രാനയും രംഗത്തെത്തി. ബാഴ്‌സ ബോര്‍ഡിനെതിരെ ഇവര്‍ വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബാര്‍തോമ്യു രാജിവെക്കണമെന്ന് ബോര്‍ഡ് മീറ്റിംഗില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുണ്ട്.