സിനിമയിലും ജീവിതത്തിലും കൂട്ടുകാരാണ് ബാലചന്ദ്രമേനോനും ജഗതിയും. കാറപകടത്തില്‍പെട്ട് കഴിയുന്ന ജഗതിയുടെ വീട്ടില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ബാലചന്ദ്രമേനോന്‍. കോളേജ് പഠനകാലത്തേയും പിന്നീട് സിനിമയില്‍ നിറഞ്ഞുനിന്ന കാലത്തേയും അനുഭവം പങ്കുവെക്കുന്ന കുറിപ്പ് ഫേസ്ബുക്കിലാണ് ബാലചന്ദ്രമേനോന്‍ പങ്കുവെച്ചിരിക്കുന്നത്. അക്കാലത്തെ  ജഗതിയുടെ പതിവ് ഡയലോഗായിരുന്നു ‘അളിയാ ..നീ വിഷമിക്കണ്ട …എല്ലാം ശരിയാകും …ഞാന്‍ ശരിയാക്കും’ എന്നത്. കാലങ്ങള്‍ക്കുശേഷം ജഗതിയെ കാണാനെത്തിയപ്പോഴും താനതാണ് ഓര്‍ത്തതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജഗതി ശ്രീകുമാറിനെപ്പറ്റി പറയുമ്പോള്‍ രസകരമായ ഒരു കാര്യമുണ്ട്

അങ്ങോട്ടും ഇങ്ങോട്ടും ‘എടാ’എന്നും ‘അളിയാ ‘ എന്നും വിളിക്കുന്ന ഒരു ബന്ധമാണു ഞങ്ങള്‍ക്കിടയിലുള്ളത് . അത് തുടങ്ങുന്നത് ഞങ്ങളുടെ കോളേജ് ജീവിതത്തിലാണ്. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ആയി വിലസുമ്പോള്‍ ശ്രീകുമാര്‍ ( അന്ന് എനിക്കും അടുത്ത പലര്‍ക്കും അവന്‍ അമ്ബിളി ആയിരുന്നു ) മാര്‍ ഇവാനിയോസ് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ആയിരുന്നു .നഗരത്തിലെ കോളേജുകളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു ‘സ്‌റുഡന്റ്‌റ്സ് ആര്‍ട്‌സ് സൊസൈറ്റി’ എന്നൊരു സംഘടന രൂപീകരിക്കാനാന്‍ ഞാന്‍ പാളയത്തെ സ്റ്റുഡന്റസ് സെന്ററില്‍ വിളിച്ചുകൂട്ടിയ മഹാസമ്മേളനത്തില്‍ ആകെ പങ്കെടുത്തത് ജഗതി ശ്രീകുമാറും പിന്നെ ഈയുള്ളവനുമായിരുന്നു . ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു ചളിപ്പുമുണ്ടായില്ല . കൃത്യസമയത്തു തന്നെ യോഗനടപടികള്‍ ആരംഭിച്ചു. ഒഴിഞ്ഞ കസേരകളെ അഭിസംബോധനം ചെയ്തുള്ള ഒരു മോണോ ആക്ട് അവന്‍ അവതരിപ്പിച്ചു. അതിന്റെ അന്ത്യകൂദാശയായ് ഞാന്‍ ‘ നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത വികാരമുണ്ടോ ‘ എന്ന് നദിയില്‍ വയലാര്‍ വയലാര്‍-ദേവരാജന്‍ -യേശുദാസ് കൂട്ടുകെട്ടിന്റെ സംഗമം എന്ന പാട്ടു തൊണ്ടകീറിപ്പാടി. മെലിഞ്ഞ എന്റെ കഴുത്തിലെ ഞെരമ്പുകള്‍ വല്ലാതെ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോള്‍ എന്റെ തോളില്‍ തട്ടി സമാധാനിപ്പിച്ച് അവന്‍ പറഞ്ഞു :
‘വിഷമിക്കണ്ട അളിയാ ….നമ്മള്‍ വീണ്ടും കാണും …എല്ലാം ശരിയാകും.. നമ്മള്‍ ശരിയാക്കും ‘

പിന്നെ ഞങ്ങള്‍ വീണ്ടും കാണുന്നത് അന്നത്തെ മദിരാശിയില്‍ വെച്ചാണ് .പത്ര പ്രതിനിധിയായി ഞാന്‍ എത്തും മുന്‍പേ സിനിമയില്‍ അവസരങ്ങള്‍ തേടി അവന്‍ കോടമ്പാക്കത്തു തമ്പടിച്ചു കഴിഞ്ഞിരുന്നു പിന്നെയും ഒരുപാട് സായാഹ്നങ്ങള്‍ ഞങള്‍ ഒരുമിച്ചു കൂടി. അടൂര്‍ ഭാസിയുടെ ഹാസ്യസാമ്രാജ്യത്തില്‍ കടന്നുകൂടാനുള്ള പങ്കപ്പാടുകള്‍ ഞങ്ങള്‍ ഒരുപാട് പങ്കു വെച്ചു .സംവിധായകനാകാനാണ് എന്റെ ഗൂഢമായ മനസ്സിലിരിപ്പ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ പതിവുപോലെ തോളില്‍ തട്ടി കൈ പിടിച്ചു കുലുക്കി പറഞ്ഞു .
‘ വിഷമിക്കണ്ട അളിയാ …എല്ലാം ശരിയാകും …നമ്മള്‍ ശരിയാക്കും …’

പിന്നെ ഞങ്ങള്‍ കാണുമ്പൊള്‍ രണ്ടുപേരും അവരവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ശരിയാക്കി കഴിഞ്ഞിരുന്നു .ജഗതിയുണ്ടെങ്കില്‍ ഒരു പുതിയ സംവിധായകനു ഏതു നിര്‍മ്മാതാവും പടം കൊടുക്കുന്ന അവസ്ഥയിലെത്തി. ആയിടക്ക് ഒരിക്കല്‍ ഞങള്‍ രണ്ടുപേരും മദ്രാസ് എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ജഗതിയെ സ്വീകരിച്ചു കൊണ്ടുപോകാന്‍ ആറു പ്രൊഡക്ഷന്‍ കാറുകള്‍ വരിവരിയായി കാത്തുനിന്നു മത്സരിക്കുന്നു .ആ രാത്രി കൊണ്ട് താന്താങ്ങളുടെ ചിത്രത്തിലെ ഡബ്ബിങ് തീര്‍ക്കുക എന്നതാണ് കാര്യം . തമ്മിലടിക്കുന്ന അവരെ നോക്കി അവന്‍ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ മനസ്സിലുണ്ട് ..
‘ നിങ്ങള്‍ ഒരു തീരുമാനമെടുക്കാന്‍ കാര്യമായ താമസമുണ്ടാകുമെങ്കില്‍ ഞാന്‍ അടുത്ത ഒരു ആശുപത്രിയില്‍ പോയി മാസങ്ങളായി എന്നെ ബുദ്ധിമുട്ടിക്കുന്ന മൂലക്കുരു ഒന്ന് ആപ്പറേറ്റു ചെയ്തിട്ട് വരാം’
അണിയാത്ത വളകള്‍ ,ഇഷ്ട്ടമാണുപക്ഷെ ,കാര്യം നിസ്സാരം ,അമ്മയാണെ സത്യം, ഏപ്രില്‍ 19 തുടങ്ങിയ ചിത്രങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ കഴിവുകളെ ഒരു സംവിധായകന്‍ എന്ന നിലയില്‍ നന്നായിപ്രയോജനപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. മറ്റുള്ളവരുടെ ചിത്രങ്ങളില്‍ ഞങ്ങള്‍ നടന്മാരായി സഹകരിച്ചിട്ടുമുണ്ട്. .മുള്ളാന്‍ നേരമില്ലാതെ ഓടിനടന്നു അഭിനയിച്ചു ഡേറ്റുകള്‍ കുഴപ്പിക്കുന്നു എന്ന ചീത്തപ്പേരുണ്ടാക്കിയ കാലത്തും എന്റെ എല്ലാ ചിത്രങ്ങളിലും
സമയത്തു തന്നെ വന്നു സഹകരിച്ചിട്ടുള്ളത് ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു .
‘നീ ഭയങ്കര മുങ്ങല്‍ വിദഗ്ധനാണെന്നു ഒരു പറച്ചില്‍ പൊതുവേ ഉണ്ട് ..കേട്ടോ ?’ ഒരിക്കല്‍ ഞാന്‍ പറഞ്ഞു
‘ എടാ അളിയാ ,,,ചിലയിടങ്ങളില്‍ മുങ്ങേണ്ടി വരും ….നിന്റെ സെറ്റില്‍നിന്നു ഞാന്‍ മുങ്ങിയിട്ടില്ലല്ലോ പിന്നെ മിണ്ടാണ്ടിരി –‘
ജഗതി ശ്രീകുമാറിന്റെ കാര്യത്തില്‍ ആര്‍ക്കും അധികമറിയാത്ത എന്നാല്‍ അഭിമാനകരമായ ഒരു റിക്കാര്‍ഡ് എന്റെ വകയായി ഉണ്ട് .ജഗതി ശ്രീകുമാറിന്റെ അച്ഛന്‍ നാടകകൃത്തും നടനുമായ ശ്രീ ജഗതി എന്‍. കെ. ആചാരി എന്റെ ‘ഞങ്ങളുടെ കൊച്ചു ഡോക്റ്റര്‍ ‘ എന്ന ചിത്രത്തില്‍
ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മകന്‍ രാജ് കുമാറാകട്ടെ ഏപ്രില്‍ 19 എന്ന ചിത്രത്തിലും അഭിനയിച്ചു എന്ന് പറയുമ്പോള്‍ ആ കലാകുടുംബത്തിലെ മുന്ന് തലമുറകളെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ആ സൗഭാഗ്യത്തിന് നന്ദി പറയുകയും ഇനീം തുടര്‍ന്നാല്‍ ‘നിങ്ങള്‍ പൊങ്ങച്ചം തുടങ്ങി ‘ എന്ന് പറയുമോ എന്നുഭയന്നു അതിവിടെ നിര്‍ത്തുകയും ചെയ്യുന്നു .( മറ്റുള്ളവര്‍ അറിഞ്ഞിട്ടില്ല എന്ന് നടിക്കുന്നതുകൊണ്ടു എന്റെ ‘ഇത്തിരി നേരം ഒത്തിരികാര്യം ‘ എന്ന പുസ്തകത്തില്‍ ഇക്കാര്യം കാര്യമായി പരാമര്ശിച്ച്ട്ടുണ്ട് )

ജഗതി ശ്രീകുമാറിന്റെ പൊടുന്നനെ ഉണ്ടായ ദുരന്തം മലയാള സിനിമക്കേറ്റ ഒരു കനത്ത പ്രഹരം തന്നെ ആയിരുന്നു. ആദ്യകാലങ്ങളില്‍ ഞാന്‍ വെല്ലൂരില്‍ പോയി കണ്ടതിനേക്കാള്‍, അമേരിക്കക്കു പോകും മുന്‍പേ ഞാന്‍ വീട്ടില്‍ ചെന്ന് കാണുമ്പോള്‍ അവന് ഒരുപാട് തിരിച്ചറിവുകള്‍ ഉള്ളതായി തോന്നി .മറ്റു സന്ദര്‍ശകരും മാധ്യമങ്ങളൊന്നും ഇല്ലാതെയുള്ള സ്വകാര്യതയില്‍ ഞങ്ങള്‍ അല്‍പ്പ സമയം ചെലവഴിച്ചപ്പോള്‍ മകന്‍ രാജ് എന്റെ മൊബൈയിലില്‍ പകര്‍ത്തിയ ഒരു വീഡിയോ ദ്ര്യശ്യം ആണ് ഞാന്‍ നിങ്ങള്‍ക്കൊപ്പം ഷെയര്‍ ചെയ്യുന്നത് .
.
പണ്ടൊരിക്കല്‍ ബോംബയില്‍ ‘അച്ചുവേട്ടന്റെ വീടി’ ന്റെ ഒരു പ്രദര്‍ശനം നടന്നപ്പൊള്‍ ഒരു പത്രപ്രതിനിധി ഒരു കുസൃതി ചോദ്യം ചോദിച്ചു :
‘ഒരു നടന്‍ എന്ന നിലയില്‍ നിങ്ങള്‍ മലയാളത്തില്‍ ഒരുമിച്ചു അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് ആര്‍ക്കൊപ്പമാണ് ?’
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇതില്‍ ഒരു ഉത്തരമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് എനിക്കറിയാം .എന്നാല്‍ ഒരു സംശയവും കൂടാതെ ഞാന്‍ പറഞ്ഞു :
‘ആണിന്റെ കൂട്ടത്തില്‍ ജഗതി ശ്രീകുമാര്‍..
.പെണ്ണാണെങ്കില്‍ ….’
എനിക്ക് ചുറ്റുമുള്ള കണ്ണുകള്‍ ആകാംഷാഭരിതങ്ങളായി.
‘കല്‍പ്പന ..’
അവരുടെ അഭാവം മലയാള സിനിമ , പ്രേക്ഷകര്‍ അതിലേറെയും ഇന്ന് മനസ്സിലാക്കുന്നുണ്ട് …
യാത്ര പറയും മുന്‍പ് ഞങ്ങളുടെ കണ്ണുകള്‍ ശരിക്കും ഒന്നിടഞ്ഞു .
അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി ഉതിര്‍ന്നു …
1974 ല്‍ ഞാന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സെന്ററില്‍ കണ്ട അതെ ചിരി . ആ ചിരി മൗനമായി എന്നോട് പറഞ്ഞു ..
‘അളിയാ ..നീ വിഷമിക്കണ്ട …എല്ലാം ശരിയാകും …ഞാന്‍ ശരിയാക്കും ‘
എന്റെ മനസ്സും പറഞ്ഞു :
‘അതെ അളിയാ..ശരിയാകും..നിന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ആ ശക്തി ഉണ്ടാവട്ടെ ‘