ലക്‌നോ: ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ക്ക് ഉത്തരം തേടി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍. രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഇസ്‌ലാമിക വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചത്. മുത്വലാഖും ഹലാലയും ഇസ്‌ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക, ഇസ്‌ലാമിലെ ഹലാല എന്താണ്, ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച വില എത്രയായിരുന്നു തുടങ്ങി അസംബന്ധം നിറഞ്ഞ ചോദ്യങ്ങളായിരുന്നു നിറയെ. ഒരു സമുദായത്തെ അവഹേളിക്കാനുള്ള നീക്കമാണിതെന്നും ചോദ്യപേപ്പര്‍ മാറ്റിനല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാല അധികൃതര്‍ ചെവിക്കൊണ്ടില്ല. മധ്യകാല ചരിത്രം പഠിക്കുമ്പോള്‍ സ്വാഭാവികമായി ഇത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും ഇസ്‌ലാമിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്നും ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ രാജീവ് ശ്രീവാസ്തവ പ്രതികരിച്ചു.

ഇസ്‌ലാമിന്റെ ചരിത്രം പഠിപ്പിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിക്കേണ്ടി വരും. പഠിക്കുകയോ അവ ചോദിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അവയെക്കുറിച്ച് അറിയുക. സഞ്ജയ് ലീല ബന്‍സാലിയെ പോലെയുള്ളവരല്ല വിദ്യാര്‍ഥികളെ ചരിത്രം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നടന്ന എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയും വിവാദമായിരുന്നു. ബി.ജെ.പി.യെക്കുറിച്ച് 154 മാര്‍ക്കിന്റെ ഉപന്യസം എഴുതാനായിരുന്നു ചോദ്യം. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിപ്പിക്കുന്ന പേപ്പറിലാണ് ബി.ജെ.പിയെക്കുറിച്ച് വിവരിക്കാന്‍ ചോദ്യം വന്നത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെ തന്നെ പൗരാണിക ചരിത്ര വിഷയ പരീക്ഷക്ക് കൗടില്യന്റെ കാലത്തെ ജി.എസ്.ടിയെക്കുറിച്ചും മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. വസ്തുതാവിരുദ്ധവും സിലബസില്‍ ഇല്ലാത്തതുമായ ചോദ്യങ്ങളാണിതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയവബോധം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ പ്രൊഫ. കൗശല്‍ കിഷോര്‍ മിശ്ര പ്രതികരിച്ചു. സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങളെ ശാസ്ത്ര വസ്തുതകളായി അവതരിപ്പിക്കാനുള്ള നീക്കമാണിതെന്നാണ്‌രോപണം.