india

ലഖ്നൗവില്‍ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു

By webdesk13

September 25, 2024

ലഖ്നൗവില്‍ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. സദഫ് ഫാത്തിമ(43)യാണ് മരിച്ചത്. ജോലിസമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ആരോപണം. എച്ച്.ഡി.എഫ്.സിയുടെ വിബുതി ഖാന്ദ് ശാഖയിലെ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റാണ് ഇവര്‍. കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ കുഴഞ്ഞു വീണ സദഫ് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തുവന്നിരുന്നു. ദൈവ വിശ്വാസമുണ്ടെങ്കില്‍ ജോലി സമ്മര്‍ദ്ദം കുറയ്ക്കാമെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.

‘തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പകരം, ഈ ദുരിതത്തിന്റെയിടയില്‍ യുവാക്കളെ കൂടുതല്‍ നിരാശപ്പെടുത്തുകയാണ് ധനമന്ത്രി. അവരുടെ സര്‍ക്കാരിന് ഒരു ആശ്വാസവും നല്‍കാനും ഒരു പുരോഗതിയും കൊണ്ടുവരാനും സാധിക്കുന്നില്ലെങ്കില്‍ ചെയ്യണ്ട. പക്ഷേ ഹൃദയശൂന്യവും വിവേക ശൂന്യവുമായ ഉപദേശങ്ങള്‍ നല്‍കി ജനരോഷം വര്‍ധിപ്പിക്കരുത്,’ അഖിലേഷ് യാദവ് പറഞ്ഞു.