ബാര്‍സലോണ: ഫുട്‌ബോള്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തിരിച്ചുവരവ് നടത്തി പി.എസ്.ജിയെ 6-1 ന് വീഴ്ത്തി ബാര്‍സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പി.എസ്.ജിയുടെ ഗ്രൗണ്ടിലേറ്റ നാലു ഗോളിന്റെ ആദ്യപാദ തോല്‍വിയെയും എഡിന്‍സന്‍ കവാനിയുടെ എവേ ഗോളിന്റെയും വെല്ലുവിളികളെ അതിജീവിച്ചാണ് ബാര്‍സ, ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കില്ലാത്ത തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

നിര്‍ണായക മത്സരത്തില്‍ പെനാല്‍ട്ടിയടക്കം നെയ്മറിന്റെ ഇരട്ട ഗോളുകളും ലൂയിസ് സുവാരസ്, ലേവിന്‍ കുര്‍സാവ (സെല്‍ഫ്), സെര്‍ജി റോബര്‍ട്ടോ എന്നിവരുടെ ഗോളുകളുമാണ് ബാര്‍സയെ രക്ഷിച്ചത്. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിലായിരുന്ന ആതിഥേയര്‍ 88 മിനുട്ടിനു ശേഷമാണ് അവസാന മൂന്നു ഗോളുകള്‍ നേടിയത്. അവസാന വിസിലിനു തൊട്ടുമുമ്പത്തെ സെര്‍ജി റോബര്‍ട്ടോയുടെ ഉജ്ജ്വല ഫിനിഷ് പി.എസ്.ജിയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ഊതിക്കെടുത്തി.

0-4 തോല്‍വിയുടെ ഭാരത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ, അവസാന ശ്വാസം വരെ പൊരുതാനുറച്ചാണ് കളി തുടങ്ങിയത്. മൂന്നാം മിനുട്ടില്‍ തന്നെ അതിന് ഫലം കാണുകയും ചെയ്തു. റഫിഞ്ഞയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പി.എസ്.ജി പ്രതിരോധത്തിന് പിഴച്ചപ്പോള്‍ കുറ്റമറ്റ ഹെഡ്ഡറിലൂടെ ലൂയി സുവാരസ് ആദ്യ ഗോള്‍ നേടി (1-4). 40-ാം മിനുട്ടില്‍ ആന്ദ്രെ ഇനീസ്റ്റയുടെ ഫ്‌ളിക്ക് പി.എസ്.ജി താരം ലായ്‌വിന്‍ കുര്‍സാവയുടെ കാലില്‍ തട്ടി സ്വന്തം പോസ്റ്റിലെത്തി. (2-4).

ഇടവേള കഴിഞ്ഞെത്തി അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും മൂന്നാം ഗോളെത്തി. ത്രൂസ് പിടിച്ചെടുക്കാനുള്ള നെയ്മറിന്റെ ശ്രമത്തെ ബോക്‌സില്‍ തോമസ് മ്യൂനിയര്‍ വീഴ്ത്തിയപ്പോള്‍ ബാര്‍സ്സ് പെനാല്‍ട്ടി. സമ്മര്‍ദത്തില്‍ പെനാല്‍ട്ടിയെടുത്ത മെസ്സി കരുത്തന്‍ ഷോട്ടിലൂടെ വലകുലുക്കി. (3-4).

പി.എസ്.ജിയുടെ ലീഡ് ഒന്നായി ചുരുങ്ങിയതോടെ ബാര്‍സ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ, സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി 62-ാം മിനുട്ടില്‍ കവാനി ഒരു ഗോള്‍ മടക്കി. വെറാട്ടിയുടെ ഫ്രീകിക്കില്‍ നിന്ന് കുര്‍സാവ അവസരമൊരുക്കിയപ്പോള്‍ കരുത്തന്‍ പുറങ്കാലനടിയിലൂടെ കവാനി ലക്ഷ്യം കണ്ടു. (3-5). നിര്‍ണായക എവേ ഗോള്‍ പി.എസ്.ജിയുടെ ആഘോഷത്തിന് വഴിമരുന്നിട്ടപ്പോള്‍ ബാര്‍സ ക്യാമ്പ് തോല്‍വി തോല്‍വി മണത്തു. പി.എസ്.ജിയുടെ ഗോള്‍ വന്നതോടെ ജയിക്കണമെങ്കില്‍ ഇനി ഗോള്‍ വഴങ്ങാതെ മൂന്നു ഗോളടിക്കണമെന്ന അവസ്ഥയിലായിരുന്നു ബാര്‍സ.

കളിയില്‍ ഇനി വഴിത്തിരിവുകളൊന്നുമുണ്ടാകില്ലെന്ന് തോന്നിച്ച ഘട്ടത്തിലാണ് 88-ാം മിനുട്ടില്‍ നെയ്മറിന്റെ ഫ്രീകിക്ക് ഗോളെത്തുന്നത്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള കിക്ക് പ്രതിരോധ മതിലും കടന്ന് പി.എസ്.ജി കീപ്പര്‍ക്ക് പിടിനല്‍കാതെ നെയ്മറിന്റെ കിക്ക് വലയിലേക്ക് തുളച്ചു കയറിയപ്പോള്‍ ബാര്‍സയുടെ മോഹങ്ങള്‍ വീണ്ടും തളിരിട്ടു. (4-5)

അഞ്ച് മിനുട്ട് അനുവദിച്ച ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ബാര്‍സക്ക് അനുകൂലമായി വീണ്ടും പെനാല്‍ട്ടി. കിക്കെടുത്ത നെയ്മര്‍ ഗോള്‍കീപ്പറെ എതിര്‍ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് ലക്ഷ്യം കണ്ടു. (5-5).

ചരിത്ര ജയം ഒരു ഗോള്‍ അകലെയെന്ന തിരിച്ചറില്‍ ബാര്‍സ ആക്രമണം ശക്തമാക്കി. 95-ാം മിനുട്ടില്‍ ഷോര്‍ട്ട് ഫ്രീകിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കിയപ്പോള്‍ പ്രതിരോധക്കെട്ട് പൊട്ടിച്ച് മുന്നോട്ടുകയറിയ സെര്‍ജി റോബര്‍ട്ടോ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ വെച്ച് പന്ത് ഗോളിലെത്തിച്ചു. (6-5).

ഗോളുകള്‍:

സംഭവിച്ചതെന്തെന്ന് വിശ്വസിക്കാന്‍ പി.എസ്.ജി പാടുപെടുമ്പോള്‍ നൗകാംപ് ആഹ്ലാദത്താല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഹൈലൈറ്റ്‌സ്‌: