Connect with us

Views

കാമ്പസുകളിലെത്തിയ ഫാസിസം

Published

on

ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് മുസ്സോളിനിയുടെ ഫാസിസവും ഹിറ്റ്‌ലറുടെ നാസിസവും. ഇവ രണ്ടിനെയും കുറിച്ച് പ്രസിദ്ധ തത്വശാസ്ത്രജ്ഞന്‍ ഉമ്പര്‍ട്ടോഎക്കോ തന്റെ ‘എറ്റേണല്‍ ഫാസിസം’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ആധുനികതയുടെ നിരാസം, അതിദേശീയതാവാദം, അയുക്തികവാദം, എതിരഭിപ്രായത്തെ അടിച്ചമര്‍ത്തല്‍, വ്യക്തി കേന്ദ്രീകൃതം, പാരമ്പര്യത്തെക്കുറിച്ചുള്ള അതിഭാവുകത്വം, ശത്രുക്കളെക്കുറിച്ച് മിഥ്യാധാരണ, വിദ്യാഭ്യാസം നായകത്വത്തിനുവേണ്ടി, അധികാരം ഭോഗതല്‍പരതക്കുവേണ്ടി തുടങ്ങി പതിനാല് ഇന ലക്ഷണങ്ങള്‍. ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും കിം ജോങ്ങും പ്രതിനിധീകരിക്കുന്ന ആശയ സംഹിതകളില്‍ ഇതിലെ ചിലതൊക്കെ കാണാം. ഇതിപ്പോള്‍ കാമ്പസുകളിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നിടത്താണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നത്.
ഇന്ത്യയില്‍ മതേതര ജനാധിപത്യസിദ്ധാന്തങ്ങളുടെ വേരറുക്കുന്ന വിധത്തിലുള്ള ഫാസിസത്തിന് ഗാന്ധിജിയുടെ വധത്തോളം തന്നെ പഴക്കമുണ്ട്. അതിന് 23 ആണ്ട് മുമ്പുതന്നെ ആര്‍.എസ്.എസ് ഭൂജാതമായെങ്കിലും സംഘടനക്ക് വേരു പിടിക്കാനാകാതിരുന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അതിനുതക്ക അന്തരീക്ഷമൊരുക്കിയിരുന്നില്ല എന്നതിനാലായിരുന്നു. 1948ല്‍ പ്രാര്‍ഥനക്കിടെ മഹാത്മാവ് വെടിയേറ്റു വീണപ്പോഴുണ്ടായ പ്രതിധ്വനി ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു. 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയോടെ അത്യുന്നതയിലെത്തിയ ഫാസിസ്റ്റ് ദുര്‍ഭൂതം ഇപ്പോള്‍ അധികാര കേന്ദ്രങ്ങളിലേക്കും പിന്നീട് പതുക്കെപ്പതുക്കെയായി കാമ്പസുകളിലേക്കും തല നീട്ടുകയാണ്. ഇതിനു പിന്നിലെ ലക്ഷ്യം ഭാവിതലമുറയെ ഫാസിസ്റ്റ് ശൈലിക്കനുകൂലമായി വാര്‍ത്തെടുക്കുക എന്നതാണ്. രോഹിത് വെമുലയിലൂടെയും കനയ്യകുമാറിലൂടെയും ഉനയിലെ ദലിതര്‍ക്കേറ്റ അടിയിലൂടെയും ഇപ്പോള്‍ ഡല്‍ഹി രാംജാസ് കോളജ് സംഭവത്തിലൂടെയും ദൃശ്യമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യത്തെ വിഭജിക്കലായി വ്യാഖ്യാനിച്ചാണ് സംഘികള്‍ നേരിടുന്നത്. രാജ്യസ്‌നേഹം തങ്ങളുടെ സ്വന്തമെന്ന നിലപാടാണ് ഇവര്‍ക്ക്.
ഇന്ത്യയില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും എല്ലാം ഹിന്ദുത്വമെന്നു പറയുന്ന സങ്കുചിത ദേശീയതയിലേക്ക് മാറ്റിവെക്കണമെന്നുമാണ് ഫാസിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്ര ചിന്തകരുടെ താവളമായ കാമ്പസുകള്‍ അതിനൊരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ തുടങ്ങുകയാണ് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ആശങ്ക. ഡല്‍ഹി രാംജാസ് കോളജില്‍ പോരാട്ടങ്ങളുടെ സംസ്‌കാരം സംബന്ധിച്ചൊരു ചര്‍ച്ചായോഗം സംഘടിപ്പിച്ചതായിരുന്നു അടുത്തിടെ ഇന്ത്യയിലെ നവഫാസിസത്തെ പിടിച്ചു കുലുക്കിയത്. രാംജാസ് കോളജിലെ സെമിനാറിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാക്കളെ ക്ഷണിച്ചു എന്നതായിരുന്നു എ.ബി.വി.പി എന്ന സംഘ്പരിവാര്‍ കുട്ടിപ്പട്ടാളത്തെ ചൊടിപ്പിച്ചത്. ഉമര്‍ ഖാലിദ്, ഷഹ്്‌ല റാഷിദ് എന്നിവരെ ക്ഷണിച്ചതാണ് കുട്ടി സംഘികളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍ തലസ്ഥാനത്തെ മേലാളന്മാരെ പ്രേരിപ്പിച്ചത്. ഇതിനുപിന്നില്‍ സംഘ്പരിവാറിന്റെ ശക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് തുടര്‍ ദിവസങ്ങളില്‍ തെളിഞ്ഞു. ശരിക്കും ഗുണ്ടായിസമാണ് എ.ബി.വി.പി അവിടെ നടത്തിയത്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന് ആക്രോശിച്ചായിരുന്നു സംഘി സംഘടനയുടെ അക്രമം. പൊലീസ് തന്നെ സംഘാടകര്‍ക്ക് എതിരായ നിലപാടെടുത്തതാണ് വിദ്യാര്‍ഥികളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അവര്‍ ഈ നീക്കത്തെ ശക്തമായി ചെറുത്തു. ഏറ്റുമുട്ടലില്‍ ഒരു പ്രൊഫസര്‍ക്കുവരെ പരിക്കേറ്റു. ദേശസ്‌നേഹത്തെക്കുറിച്ച് പെരുമ്പറ മുഴക്കുന്നവര്‍ തന്നെ കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സൈനികന്റെ മകള്‍ക്കെതിരെ പോലും അത്യന്തം നീചമായ രീതിയില്‍ ആക്രോശം നടത്തി. തന്നെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നു ഗുര്‍മെഹര്‍ കൗറിനെതിരായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംഘികളുടെ ഭീഷണി. രാജ്യ തലസ്ഥാനത്ത് ക്രമസമാധാനം ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ് എന്നതാണ് സംഘികളുടെ ധാര്‍ഷ്ട്യത്തിന് പ്രേരകം. കൗറിന്റെ പരാതി പരിഗണിച്ച് നടപടിയെടുക്കേണ്ട ഡല്‍ഹി വനിതാകമ്മീഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് കരുതിയപ്പോഴാണ് ഗുര്‍മെഹര്‍ താന്‍ എ.ബി. വി.പിക്കെതിരായ കാമ്പയിനില്‍ നിന്ന് പിന്തിരിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആശയപരമായ പിന്തുണ അവര്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ പതിനഞ്ചാം വാര്‍ഷിക നാളുകളില്‍ തന്നെയാണ് ഡല്‍ഹി രാംജാസ് കോളജ് സംഭവം അരങ്ങേറിയത് എന്നത് യാദൃച്ഛികമായി കാണാനാവില്ല. എ.ബി. വി.പി ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും സംഘി വിദ്യാര്‍ഥികള്‍ക്കെതിരെ ഒരുമിച്ചുവെന്നുമാത്രമല്ല, ഏതാനും അധ്യാപകരൊഴികെ എല്ലാ ഉന്നത പ്രൊഫസര്‍മാരും ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ കൂടെ നിന്നുവെന്നത് ശുഭോദര്‍ക്കമാണ്. എന്നാല്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് നടത്തിയ ട്വീറ്റ് അദ്ദേഹത്തിന്റെ സങ്കുചിത മന:സ്ഥിതി വെളിപ്പെടുത്തുന്നതായി. താന്‍ നേടിയ സെഞ്ച്വറികള്‍ തന്റേതല്ലെന്നും അത് തന്റെ ബാറ്റിന്റേതാണെന്നുമുള്ള സേവാഗിന്റെ ട്വീറ്റാണ് വിവാദമായത്. കൗറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരായ പരിഹാസത്തിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ ഒഴുക്കാണുണ്ടായത്.
ഡല്‍ഹി, ജെ.എന്‍.യു സര്‍വകലാശാലകളിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെയും എ.എ.പി അനുകൂല വിദ്യാര്‍ഥി സംഘടനയുടെയും പ്രതിഷേധ കാമ്പയിന്‍ തുടരുമെന്നുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. രാംജാസ് കോളജിലും രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരായ എ.ബി.വി.പിയുടെ പരാതി.
2016 ജനുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥി യോഗമാണ് സംഘികളെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പൊതുയോഗം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചവരും തൃശൂര്‍ ഗവ. ലോ കോളജില്‍ സമാന ആക്രമണം നടത്തിയവരുമൊക്കെ ഇതേ വിദ്വേഷ രാഷ്ട്രീയത്തിന്റെയല്ലെങ്കിലും സ്വതന്ത്ര ചിന്തക്ക് വിലങ്ങു തടിയിടുന്നവരാണ്. ജെ.എന്‍.യുവില്‍ കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. ഇതില്‍ പ്രതിഷേധിച്ചവരെ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ പോലും നേരിടാനെത്തി. മംഗലാപുരത്ത് സംഘികള്‍ കേരള മുഖ്യമന്ത്രിയെ തടയുമെന്ന് ഭീഷണിപ്പെടുത്തുകയും കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അതേറ്റുപിടിച്ചതും ഇതേ ആശയത്തിന്റെ, വിദ്വേഷ രാഷ്ട്രീയത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഗുല്‍മെഹറിനെതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടവര്‍ ആ കുട്ടിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയല്ല ചോദ്യം ചെയ്യുന്നത്. അവളുടെ ജീവിതത്തെതന്നെയാണ്. തന്റെ പിതാവ് കാര്‍ഗിലില്‍ കൊല്ലപ്പെട്ടത് പാക്കിസ്താന്‍ ആക്രമിച്ചതിലല്ല, യുദ്ധത്തിലാണെന്ന് പറയുന്നത് തികച്ചും സ്വതന്ത്രമായ ചിന്താധാരയില്‍ നിന്നുകൊണ്ടാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്തവരോ അതിനെ വികലമാക്കിയവരോ ആണ് യഥാര്‍ഥത്തില്‍ ധിഷണയെ വകവരുത്താന്‍ ശ്രമിക്കുന്നത്. ബീഹാറിലും ഉനയിലും ദാദ്രിയിലും നടന്നതും തമിഴ്‌നാട്ടില്‍ പെരുമാള്‍മുരുകനും കേരളത്തില്‍ എം.ടിക്കും കമലിനും നേരിടേണ്ടിവന്നതും ഇതല്ലാതെ മറ്റൊന്നല്ല.
എല്ലാ സമൂഹത്തിലും മാറ്റത്തിന്റെ കാറ്റു വിതക്കുന്നത് വിദ്യാര്‍ഥികളും സ്വതന്ത്ര ചിന്താഗതിക്കാരുമാണെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. ഫ്രാന്‍സില്‍ റൂസോയും ഇന്ത്യയില്‍ ടാഗൂറും മറ്റും നടത്തിയ സാംസ്‌കാരിക വിപ്ലവം ചെറുതല്ല. ഇത്തരത്തിലുള്ള ചിന്താധാരകളെ മുളയിലേ നുള്ളിക്കളയുക എന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെ സംഘ് പരിവാരം പയറ്റുന്നത്. യഥാര്‍ഥത്തില്‍ രാജ്യത്തെ മുസ്്‌ലിംകളാദി പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും മാത്രമാണ് ഇവര്‍ എതിരെന്ന ധാരണയായിരുന്നു ഇന്ത്യയിലെ നവ ഫാസിസത്തിന്റെ ആദ്യ കാലത്ത് ചിലര്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ പകല്‍ വെളിച്ചം പോലെ തെളിഞ്ഞുവരികയാണ്. ഒറ്റയടിക്കാണ് മുസ്‌ലിംകളില്‍ നിന്ന് അധ:സ്ഥിതരിലേക്ക് അവര്‍ തങ്ങളുടെ ശൂലമുന തിരിച്ചുവെച്ചത്. ഇത് സത്യത്തില്‍ വ്യക്തമാക്കുന്നത് രണ്ടു വസ്തുതകളാണ്. ഒന്ന്, ഇന്ത്യയില്‍ വരാനിരിക്കുന്നത് ഫാസിസമാണെന്നും രണ്ട്, സ്വതന്ത്രചിന്തയുടെയും ചെറുത്തുനില്‍പിന്റെയും യുഗമാണെന്നും. ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത് ഭയാശങ്കനിറഞ്ഞ പോരാട്ട ദിനങ്ങളാണെങ്കിലും പാവപ്പെട്ടവന്റെയും പണക്കാരന്റെയും ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനും ആര് എവിടെ നില്‍ക്കണമെന്നും എവിടെ നില്‍ക്കുന്നുവെന്നും തിരിച്ചറിയപ്പെടാനും ഈ പോരാട്ടം ഉപകരിക്കും. പാക്കിസ്താനാണോ ഇന്ത്യയാണോ എന്നല്ല, യുദ്ധമാണോ സമാധാനമാണോ വിജയിക്കാന്‍ പോകുന്നത് എന്നതായിരിക്കും യുവാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. ഗാന്ധിജിയാണോ ഗോഡ്‌സേയാണോ വിജയിക്കാന്‍ പോകുന്നത് എന്ന്. ഗുല്‍മെഹര്‍ പറഞ്ഞതിന്റെ അര്‍ഥം തിരിച്ചറിയേണ്ടത് ഇവിടെയാണ്. നിര്‍ഭാഗ്യവശാല്‍ സംഘികള്‍ക്ക് അവരുടെ ഫാസിസ്റ്റ് അജണ്ടയുടെ കണ്ണുമഞ്ഞളിപ്പില്‍ ഈ ധിഷണ ഇല്ലാതെ പോകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending