ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന്‍ തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്‌ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടവേദിയില്‍ കാലിടറി വീണിരിക്കുന്നു. ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെന്നാല്‍ അത് ലോകത്തിന്റെ ഗോള്‍ വേട്ടക്കാരാണ്. അതിവേഗതയുടെ ആശാന്മാരായും അസ്ത്ര തുല്യ ഗോളുകളുടെ വിലസക്കാരുമെല്ലാമായി കളിയെഴുത്ത് ലോകം വാഴ്ത്തിയ താരങ്ങളെ പ്രതിരോധത്തിന്റെ വരച്ചവരയില്‍ നിര്‍ത്തിയ യുവന്തസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിബെര്‍ത്ത് സ്വന്തമാക്കി. ആദ്യപാദത്തില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ഇറ്റലിക്കാര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയാണ് കരുത്ത് തെളിയിച്ചത്.
മൂന്ന് ഗോളിന്റെ ആദ്യപാദ നഷ്ടം നികത്താന്‍ രണ്ടാം പാദത്തില്‍ ഏതെങ്കിലും ടീമിന് കഴിയുമെങ്കില്‍ അത് ബാര്‍സക്ക് മാത്രമാണെന്ന് ലോകം വിളിച്ചുപറഞ്ഞ രാത്രിയില്‍ എല്ലാ കണ്ണുകളും കാതുകളും ടെലിവിഷനും ഓണ്‍ലൈനുകളുമെല്ലാം നുവോ കാമ്പിലായിരുന്നു. ഇന്ത്യന്‍ സമയം അര്‍ധരാതിയില്‍ ഉറക്കമൊഴിഞ്ഞ് കളി ആസ്വദിച്ച ലക്ഷോപലക്ഷം ആരാധകരുള്‍പ്പെടെ എല്ലാവരും ആസ്വദിച്ചത് ഏത് വിധം മുന്‍നിരയെ പൂട്ടാമെന്ന പ്രതിരോധത്തിന്റെ ശക്തിയാണ്.
ഡിഫന്‍സീവ് ഫുട്‌ബോളിന്റെ വക്താക്കളായ യുവന്തസ് അതീവ ജാഗ്രതയിലാണ് കളിച്ചത്. മൂന്ന് ഗോള്‍ ലീഡ് ഭദ്രമായി നിലനിര്‍ത്താന്‍ നാല് ഡിഫന്‍ഡര്‍മാരും ഇറങ്ങി കളിച്ച രണ്ട് മധ്യനിരക്കാരുമുള്‍പ്പെടെ ആറ് പേര്‍. ഈ ആറ് പേരുടെ കാവല്‍കണ്ണുകളില്‍ നിന്ന് ഏത് വിധേനയെങ്കിലും പന്ത് നഷ്ടമായാല്‍ വിരിച്ച കൈകളുമായി ക്യാപ്റ്റന്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഗോള്‍വലയത്തില്‍.
അല്‍ഭുതങ്ങളൊന്നും നുവോ കാമ്പില്‍ സംഭവിച്ചില്ല. സംഭവിക്കാന്‍ യുവന്തസ് പ്രതിരോധം അനുവദിച്ചില്ല എന്ന് പറയുന്നതാവും യാഥാര്‍ത്ഥ്യം. ആക്രമണം മാത്രമായിരുന്നു ബാര്‍സയുടെ മുദ്രാവാക്യം. കിക്കോഫ് മുതല്‍ ആന്ദ്രെ ഇനിയസ്റ്റയുടെ നേതൃത്വത്തില്‍ മെസിയും നെയ്മറും സുവാരസുമെല്ലാം ഓടിക്കയറുകയായിരുന്നു. ഇത് മനസ്സിലാക്കി തന്നെ യുവന്തസ് പ്രതിരോധം ജാഗ്രത പാലിച്ചു. എല്ലാവരും പെനാല്‍ട്ടി ബോക്‌സിന് പുറത്തായി മതില്‍കെട്ടി. കൊച്ചുപാസുകളുമായുള്ള ബാര്‍സ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ അപകടകാരികളെയെല്ലാം പ്രത്യേകം മാര്‍ക്ക് ചെയ്തു. ആര്‍ക്ക് മുന്നിലും തോല്‍ക്കാതെ നില്‍ക്കുന്ന കാവല്‍ക്കാരനാണ് ബഫണ്‍. ഇത് വരെ അദ്ദേഹത്തിന്റെ വലയില്‍ പന്ത് എത്തിക്കാന്‍ മെസിക്ക് പോലും കഴിഞ്ഞിട്ടില്ല. ഇന്നലെയും പലവട്ടം മെസി ബഫണിനെ പരീക്ഷിച്ചു. പക്ഷേ വിജയം ഗോള്‍ക്കീപ്പര്‍ക്കായിരുന്നു. പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ മുന്നില്‍ നിന്ന് നയിച്ച നെയ്മറാവട്ടെ പലവട്ടം അതിവേഗതയില്‍ ബോക്‌സില്‍ കയറി. പക്ഷേ സമര്‍ദ്ദത്തില്‍ പിഴച്ചു. സുവാരസിന് മോശം ദിവസമായിരുന്നു.