റയല്‍ മാഡ്രിഡിനെതിരായ തങ്ങളുടെ തോല്‍വിയില്‍ റഫറി വിക്ടര്‍ കസായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബയേണ്‍ മ്യൂണിക്ക്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും വിംഗര്‍ ആര്‍യന്‍ റോബനുമാണ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ബയേണ്‍ കളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനമെന്നും വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനം കൊണ്ടുവരണമെന്ന ആവശ്യത്തിന് ഈ മത്സരം ബലം പകരുമെന്നും ആഞ്ചലോട്ടി പറഞ്ഞു. മാഡ്രിഡില്‍ തങ്ങള്‍ കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു റോബന്റെ പ്രതികരണം.

ബയേണ്‍ 2-1 ന് മുന്നില്‍ നില്‍ക്കവെ അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബയേണിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം ഗോളും വിവാദമായി. ഓഫ്‌സൈഡില്‍ നില്‍ക്കവെയാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. മൂന്നാം ഗോളിലും ഓഫ്‌സൈഡ് സംശയമുണ്ടായിരുന്നു. പെനാല്‍ട്ടി വഴങ്ങിയതടക്കം നിരവധി തവണ ഫൗളുകള്‍ ചെയ്തിട്ടും റയല്‍ മിഡ്ഫീല്‍ഡര്‍ കാസമിറോക്ക് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് കാണിക്കാത്തതും ശ്രദ്ധിക്കപ്പെട്ടു.

റഫറിയുടെ തീരുമാനങ്ങളില്‍ പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ഗുരുതരമായവ ഉണ്ടാകാറില്ലെന്ന് ആന്‍ചലോട്ടി പറഞ്ഞു. ‘ഞങ്ങളുടെ കേളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനം. ഞാന്‍ വി.എ.ആര്‍ സംവിധാനത്തിന് അനുകൂലമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഫുട്‌ബോളില്‍ യന്ത്രങ്ങള്‍ ഇടപെടുന്നതിനോട് വിയോജിപ്പുള്ളയാളാണ് ഞാന്‍. പക്ഷേ, ഈ മത്സരത്തോടെ എന്റെ കാഴ്ചപ്പാട് തന്നെ മാറി. ഇത്തരം പിഴവുകളുണ്ടാകുമ്പോള്‍ വീഡിയോയുടെ സഹായം തേടണം. ആ സംവിധാനം എത്രയും വേഗം നടപ്പിലാക്കണം…’ ആന്‍ചലോട്ടി പറഞ്ഞു.

മാഡ്രിഡില്‍ കൊള്ളയടിക്കപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് റോബന്‍ തന്റെ നയം വ്യക്തമാക്കിയത്. ‘അതെ, നിസ്സംശയം. എന്റെ അഭിപ്രായത്തില്‍ ഇതൊരു നാണക്കേടാണ്. രണ്ട് ഉന്നത നിലവാരമുള്ള ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാനായിരുന്നു ആരാധകരുടെ താല്‍പര്യം. അത് ആസ്വാദ്യകരവും ആയിരുന്നു. എന്നാല്‍, റഫറിയുടെ നിര്‍ണായക തീരുമാനങ്ങള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു. റഫറിമാരെപ്പറ്റി ഞാന്‍ സംസാരിക്കുന്നില്ല. എങ്കിലും തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണ്. ഇവിടെ സംഭവിച്ചത് ഒരു തെറ്റല്ല… ഈ മത്സരം ഫുട്‌ബോള്‍ എന്ന കളിക്കുതന്നെ വലിയൊരു പരസ്യമായിരുന്നു. എന്നാല്‍, അത് ഒരാളുടെ വിസില്‍ കൊണ്ട് തീരുമാനിക്കപ്പെട്ടു…’ റോബന്‍ പറഞ്ഞു.