കോഴിക്കോട്: ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വീണ്ടും കോവിഡ് രോഗികളുടെ പ്രതിഷേധം. ആശുപത്രിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് രോഗികള്‍ പരാതിപ്പെട്ടു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രോഗികളുടെ ആവശ്യം.

ആശുപത്രി അധികൃതര്‍ ചര്‍ച്ചക്ക് തയാറായതിനെ തുടര്‍ന്ന് രോഗികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. ആശുപത്രി വൃത്തിഹീനമാണെന്നും ഭക്ഷണ അവശിഷ്ടങ്ങള്‍ ബാത്ത്‌റൂമില്‍ ദിവസങ്ങളോളമായി ചിതറിക്കിടക്കുകയാണെന്നും രോഗികള്‍ ആരോപിച്ചതായാണ് വിവരം.

നാളെ രാവിലെ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്ന് അധികൃതര്‍ വാക്ക് നല്‍കിയിട്ടുണ്ട്. നാളെ പ്രശ്‌നം പരിഹരിച്ചാലേ പ്രഭാതഭക്ഷണം കഴിക്കുവെന്ന് രോഗികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.