കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി റാലി നടന്ന നിരത്തില്‍ ചാണകം മെഴുകി പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വൈറസിനെ കൊല്ലാന്‍ സാനിറ്റൈസ് ചെയ്യുകയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ നിരത്തുകളിലും ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളിലും ചാണകം മെഴുകിയത്. നാടിനെ നശിപ്പിക്കുന്ന വൈറസ് ബിജെപിയാണെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന പാര്‍ട്ടിയായതിനാലാണ് ബിജെപി റാലിയ്ക്ക് പിന്നാലെ സാനിറ്റൈസ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ പശ്ചിമബംഗാളില്‍ പരസ്യമായി നടന്നുവരുന്ന ആശയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം. പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററിന് നേരെ ചാണകമെറിയുകയും ചെയ്തു.
എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇവരെയെല്ലാം ജയിലിലടയ്ക്കുമെന്നും ഗോഷ് പറഞ്ഞു. തെരുവില്‍ തൃണമൂല്‍ നേതാക്കളുടെ മര്‍ദ്ദനം ഏല്‍ക്കാന്‍ നിന്നുതരുന്നവരല്ല ബിജെപിക്കാരെന്നും പ്രവര്‍ത്തകരോട് സ്വയം പ്രതിരോധത്തിനായി ഒരു മുളവടി കൈയ്യില്‍ കരുതണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗോഷ് കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.