കൊല്‍ക്കത്ത: ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുരില്‍ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതോടെ ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ബിജെപി വോട്ടര്‍മാരെ സ്വാധീനക്കാന്‍ ശ്രമിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിന് സഹായം നല്‍കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അക്രമസംഭവങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ബംഗാളില്‍ ഇന്ന് 77.99 ശതമാനം പോളിങ് രേഖപ്പെടുത്തി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതിയത്.