ബെംഗളൂരു: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് മുജീബ് സ്വന്തമാക്കിയത്. 17 വയസ്സും 78 ദിവസവുമാണ് മുജീബ് ഉര്‍ റഹ്മാന്റെ പ്രായം. 1952ല്‍ പാകിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹനീഫ് മുഹമ്മദ് തീര്‍ത്ത റെക്കോര്‍ഡാണ് മുജീബ് പഴങ്കഥയാക്കിയത്. കഴിഞ്ഞ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു മുജീബ്.

21-ാം നൂറ്റാണ്ടില്‍ ജനിച്ച് ടെസ്റ്റ് മത്സരം കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് മുജീബ് ഉര്‍ റഹ്മാനും അഫ്ഗാന്റെ തന്നെ പേസ് ബൗളര്‍ ഫാദറും സ്വന്തമാക്കി. മുജീബ് നേരത്തെ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ വഫാദറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റമാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരം.ഐ.പി.എല്ലില്‍ പഞ്ചാബിനായി പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം തന്റെ കന്നി ടെസ്റ്റിലെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ബെംഗളൂരു ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 96 പന്തില്‍ 107 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 14 ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടൊണ് ധവാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 94 റണ്‍സുമായി (128 പന്തില്‍) മുരളി വിജയും 33 റണ്‍സുമായി (48 പന്തില്‍) കെ.എല്‍ രാഹുലുമാണ് ഇപ്പോള്‍ കീസില്‍.