കോഴിക്കോട്: സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. എഴുത്തുകാര്‍ പാക്കിസ്ഥാനിലേക്ക് പോകണമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡന്റ് കെ.എല്‍.എഫില്‍ പി.ടി മുഹമ്മദ് സാദിഖുമായി നടന്ന മുഖാമുഖത്തിലാണ് ബെന്യാമിന്‍ നയം വ്യക്തമാക്കിയത്. ആടുജീവിതം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തരുതെന്ന് മലയാളിയായ വ്യവസായി ഭീഷണിപ്പെടുത്തിയിരുന്നു.

ഗള്‍ഫ് നാടുകളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരികയും തന്റെ വ്യവസായ തളര്‍ച്ചക്ക് കാരണമാക്കിയേക്കാമെന്നുമുള്ള ഭയമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.സാഹിത്യകാരന്‍മാര്‍ പൊതുവെ ഭയത്തോടെയാണ് ജീവിക്കുന്നത്. സുരക്ഷിതമല്ലാത്തയിടങ്ങളില്‍ നിന്ന് എഴുത്തുകാരന് സത്യസന്ധമായി എഴുതാനാവില്ലെന്നും ചരിഞ്ഞപ്രതലത്തിലൂടെ ഇഴഞ്ഞിഴഞ്ഞാണ് താന്‍ സാഹിത്യലോകത്തേക്ക് കടന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ടുതന്നെ ആദ്യകൃതി തിരസ്‌ക്കരിക്കപ്പെടുന്നെങ്കില്‍ അത് പുതിയ കൃതിക്കുള്ള ഊര്‍ജ്ജമായി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.