കോപ്പല്‍: വാഹനാപകടത്തില്‍പെട്ട് കൗമാരക്കാരന്‍ ജീവനു വേണ്ടി കേഴുമ്പോള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി കാഴ്ചക്കാര്‍. മണിക്കൂറുകളോളം നടുറോഡില്‍ കിടന്ന 17കാരന്‍ ആസ്പത്രിയില്‍ വച്ചു മരണത്തിനു കീഴടങ്ങി. കര്‍ണാടകയിലെ കോപ്പലിലാണ് ദാരുണമായ കാഴ്ചകള്‍ അരങ്ങേറിയത്. ഇന്നലെ രാവിലെ 8.40നാണ് സംഭവം. കോപ്പലിലെ മാര്‍ക്കറ്റ് റോഡിലൂടെ സൈക്കിളില്‍ പോയ ദേവരാജ് കോളനിയിലെ അന്‍വര്‍ അലിയാണ് അപകടത്തില്‍പെട്ടത്.
സര്‍ക്കാര്‍ ബസ് തട്ടി അന്‍വര്‍ നിലത്തു വീണു. വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ അലിയുടെ ശരീരത്തില്‍ കൂടി കയറിയിറങ്ങി. അന്‍വര്‍ ജീവനു വേണ്ടി യാചിച്ചിട്ടും യാത്രക്കാര്‍ കാഴ്ചക്കാരായി നിന്നതെയുള്ളു. പലരും അന്‍വറിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലുമായി. അരമണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് അന്‍വറിനെ ആസ്പത്രിയിലാക്കിയത്.
രക്തം വാര്‍ന്ന അന്‍വര്‍ ഉച്ചയ്ക്ക് രണ്ടിന് മരണത്തിനു കീഴടങ്ങി. റോഡില്‍ വീണ അലിയെ യഥാസമയത്ത് ആസ്പത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നുവെന്ന് സഹോദരന്‍ റിയാസ് പറഞ്ഞു. അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം നല്‍കുന്ന സംസ്ഥാനം കൂടിയാണ് കര്‍ണാടക.
Be the first to write a comment.