എറണാകുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹരജിയിൽ ഹൈക്കോടതി നോട്ടീസ്.

ഭെൽ ഇ.എം.എൽ കമ്പനിയിലെ ജീവനക്കാരനും എസ്. ടി. യു ജനറൽ സെക്രട്ടറിയുമായ കെ.പി.മുഹമ്മദ് അഷ്റഫ് അഡ്വ.പി.ഇ.സജൽ മുഖേന നൽകിയ ഹരജിയിൽ ജസ്റ്റിസ് എൻ.നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.
കമ്പനി കൈമാറാൻ ഇരു സർക്കാരുകളും വർഷങ്ങൾക്ക് മുൻപ് തീരുമാനിക്കുകയും സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കുകയും ചെയ്തെങ്കിലും കേന്ദ്ര ഘന വ്യവസായ വകുപ്പിൻ്റെ അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നൽകിയ ഹരജിയിൽ മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് 2020 ഒക്ടോബർ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉത്തരവ് നടപ്പാക്കി കമ്പനി കൈമാറ്റത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതി അലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

രണ്ട് വർഷമായി ജീവനക്കാർക്ക് ശമ്പളമില്ല. ഭെല്ലിന് 51 ശതമാനവും സംസ്ഥാന സർക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.