മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനക്കായി രക്ത സാമ്പിള്‍ നല്‍കിയില്ല. ഓഷിവാര പൊലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് തനിക്ക് അസുഖമാണെന്നും അതിനാല്‍ സാമ്പിള്‍ ശേഖരിക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിനോയ് വ്യക്തമാക്കി.

30 മിനിറ്റോളം സ്‌റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബിനോയിയെ വിളിപ്പിച്ചത്. ഡി.എന്‍.എ ടെസ്റ്റിനായി ഇന്ന് രക്ത സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞാഴ്ച്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഒരുമാസം എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഒന്നിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. കോടതിയില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാണെന്ന് നേരത്തെ ബിനോയ് സമ്മതം അറിയിച്ചിരുന്നു.