തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഔദാര്യം മൂലമാണെന്ന് സുരേഷ് പറഞ്ഞു.

ഡി.വൈ.എസ്.പിയോടും എസ്.പിയോടും താന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് ഇവിടെ സമാധാനം നിലനില്‍ക്കുന്നത് ആര്‍.എസ്.എസുകാരുടേയും ബി.ജെ.പിയുടേയും ഔദാര്യം മൂലമാണ്. ബി.ജെ.പി പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഭീഷണി മുഴക്കി. ആ മുന്നേറ്റം തടയാന്‍ എത്ര പോലീസുകാര്‍ക്കും കഴിയില്ല. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് തന്നെ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഔദാര്യം മൂലമാണ്. എന്നാല്‍ ഞങ്ങള്‍ അതവസാനിപ്പിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നും സുരേഷ് പറഞ്ഞു. നേരത്തെ ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലേയും ബി.ജെ.പിയിലേയും നേതാക്കള്‍ തമ്മില്‍ വാഗ്ദ്വാദങ്ങളുണ്ടായിരുന്നു. കൊലനടത്തിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. വ്യാജവീഡിയോ ആണിതെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴും കുമ്മനം ദൃശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സി.പി.എമ്മിന്റെ ആഘോഷപ്രകടനം തന്നെയാണെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.