പട്‌ന: രാഷ്ട്രപതി സ്ഥാനത്ത് തുടരാന്‍ പ്രണബ് മുഖര്‍ജിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ. പ്രണബിന് രണ്ടാമൂഴം നല്‍കുന്നതിനായി ബി.ജെ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്തണമെന്ന് ഐക്യ ജനതാദള്‍ പ്രസിഡണ്ട് കൂടിയായ നിതീഷ് പറഞ്ഞു. അതേസമയം, രാഷ്ട്രപതി ആരാവണമെന്ന് തീരുമാനിക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

പ്രണബ് മുഖര്‍ജിയെ തുടരാന്‍ അനുവദിച്ചാല്‍ അതൊരു നല്ല കീഴ്‌വഴക്കം ആയിരിക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാറുമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രപതി രാജ്യത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നയാളാണ്. എല്ലാ പാര്‍ട്ടികളെയും മുഖവിലക്കെടുത്ത് ബി.ജെ.പി പ്രണബിനെ പിന്തുണക്കുകയാണെങ്കില്‍ നന്നാവും. – നിതീഷ് പറഞ്ഞു. ഭരണകക്ഷി ഒരു സമന്വയത്തിന് തയാറാവുന്നില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിന് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി സ്ഥാനത്തേക്ക് മതേതര യോഗ്യതകള്‍ ഉള്ള പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ളവര്‍ ശ്രമം നടത്തുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ നിര്‍ദേശം. ഈ വിഷയം സംസാരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും ചര്‍ച്ച നടത്താനിരിക്കുകയാണ്. പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് ശോഭാ ഓജ പറഞ്ഞു. നിതീഷ് കുമാറിന്റെ നിര്‍ദേശത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ഭരണ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പ്രണബ് തുടരുന്ന കാര്യത്തില്‍ സി.പി.എമ്മിനും എതിര്‍പ്പൊന്നുമില്ലെന്നാണ് സൂചന.

മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ജെ.ഡി.യു നേതാവ് ശരദ് യാദവ് തുടങ്ങിയര്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നുണ്ട്.