ബസ്തി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്ന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് നേതാക്കള്‍ പുഴയില്‍ വീണു. ബി.ജെ.പി എം.പിയും എം.എല്‍.മാരും പ്രാദേശിക നേതാക്കളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വെള്ളത്തില്‍ വീണത്. ഇന്നലെ ഉത്തര്‍പ്രദേശിലെ ബസ്തി നദിക്കരയോടു ചേര്‍ന്ന ചടങ്ങിലാണ് അപകടമുണ്ടായത്.
ആളുകളുടെ തിരക്കും അതികഭാരവും കാരണം നിലതെറ്റിയ ബോട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ ആളഭായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേതാക്കള്‍ നദിയിലേക്ക് വീണയുടന്‍ പോലീസ് ലൈഫ് ജാക്കറ്റ് എറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു.

യു.പിയിലെ മുന്‍ ബി.ജെ.പി പ്രസിഡന്റ് രാമപതി റാം ത്രിപാഠി, ഹരീഷ് ദ്വിവേദി എം.പി, രാം ചൗധരി എം.എല്‍.എ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, പോലീസ് സൂപ്രണ്ട് ദിലീപ് കുമാര്‍ തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്.