മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. 24 പേര്‍ മരിച്ചു, 49 പേര്‍ക്കു പരിക്കേറ്റു. ആദ്യ സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷിക്കാനെത്തിയവര്‍ മറ്റു സ്‌ഫോടനങ്ങളില്‍ പെടുകയായിരുന്നു. തുടരെ നാല് സ്‌ഫോടനങ്ങളാണ് നടന്നത്. നാല് അഗ്നിശമന സേനാ അംഗങ്ങളും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റു പലരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 17 പേര്‍ സ്‌ഫോടന സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ഏഴ് പേര്‍ ആസ്പത്രികളില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. മെക്‌സികോ സിറ്റിക്ക് സമീപം ട്യൂല്‍ട്ടെപെക്കില്‍ ഇന്നലെ രാവിലെ 9.45നാണ് അപകടം നടന്നത്. ഒട്ടേറെ പടക്ക നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്. പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്നുള്ള തീപൊരിയാണ് വന്‍ സ്‌ഫോടനത്തിലേക്ക് നയിച്ചത്. ആദ്യത്തെ സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്നിശമന സേനയും പ്രദേശവാസികളും സംഭവ സ്ഥലത്തെത്തി. 10ന് തുടര്‍ സ്‌ഫോടനങ്ങളും നടന്നു. തുടര്‍ സ്‌ഫോടനങ്ങളിലാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ പ്രവര്‍ത്തിക്കുന്നതേറെയും അനധികൃത പടക്ക നിര്‍മാണ ശാലകളാണ്. സ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടങ്ങളും സംഭവിച്ചു. നാലു ചെറിയ കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്. 300 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അടിക്കടി ഈ പ്രദേശത്ത് സ്‌ഫോടനങ്ങള്‍ നടക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം നടന്ന സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.