കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്‌ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.
കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഐ.എസ് ഭീകരരില്‍നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്‍മന്‍ എംബസിയുടെ അഫ്ഗാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെട്ടവരില്‍ പെടും. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. വിദേശ എംബസി സ്്റ്റാഫുകളില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബി.ബി.സിയുടെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ബി.സി സംഘത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടങ്ങളും ചുറ്റുമതിലുകളും അമ്പതോളം വാഹനങ്ങളും തകര്‍ന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ തെറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഫ്ഗാന്‍ പ്രസിഡന്റ് അഷറ്ഫ് ഗനിയുടെ വസതിയിലേക്ക് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം എംബസികളും ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വന്‍ സുരക്ഷാ വലയത്തിലുള്ള മേഖലയിലെ സ്‌ഫോടനം എല്ലാവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് വാഹനങ്ങള്‍ കടത്തിവിടാറുള്ളൂ. അതുകാരണം ഇവിടെ ട്രാഫിക് ജാമും പതിവാണ്. പരിശോധനകളെല്ലാം മറികടന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. എംബസി മേഖലയിലേക്ക് കയറാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പെര്‍മിറ്റ് കാര്‍ഡ് ആക്രമണത്തിനുപയോഗിച്ച വാട്ടര്‍ ടാങ്കറില്‍നിന്നും സുരക്ഷാ സേന കണ്ടെത്തി. ഡ്രൈവര്‍ എങ്ങനെയാണ് പെര്‍മിറ്റ് കാര്‍ഡ് നേടിയെടുത്തതെന്ന് വ്യക്തമല്ല. തലസ്ഥാന നഗരിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തിരക്കേറിയ സമയമാണ് അക്രമികള്‍ സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. എല്ലാത്തരം ഭീകരതയെയും തുടച്ചുനീക്കാന്‍ അഫ്ഗാനോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സമീപ കാലത്ത് കാബൂളിലുണ്ടായ വന്‍ സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് നാറ്റോയുടെ കവചിത വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.