കാബൂള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ മിസൈല്‍ അമേരിക്ക വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം യു.എസ് പരീക്ഷിക്കുന്നത്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമതാവളത്തിലായിരുന്നു പരീക്ഷണം. മാര്‍ഷല്‍ ദ്വീപിലെ റീഗണ്‍ ടെസ്റ്റ് സൈറ്റില്‍നിന്ന് വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ചു തന്നെ തകര്‍ക്കുന്നതില്‍ പ്രതിരോധ മിസൈല്‍ വിജയിച്ചു. ആക്രമണ ഭീഷണികളെ തടുക്കാന്‍ രാജ്യം സജ്ജമാണെന്ന് തെളിയിക്കാന്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് യു.എസ് മിസൈല്‍ പ്രതിരോധ ഏജന്‍സി ഡയറക്ടര്‍ വൈസ് അഡ്മിറല്‍ ജിം സിറിങ് പറഞ്ഞു. 2014ല്‍ അമേരിക്ക ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നെങ്കിലും പിന്നീട് നടന്ന രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. അടുത്തിടെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈലുകളില്‍ ഒന്ന് ഭൂഖണ്ഡാന്തര മിസൈലാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിക്കുകയുണ്ടായി. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെയും ജപ്പാനെയും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇനിയും വികസിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പ്രതിരോധ മിസൈലുകളുടെ പ്രത്യേകത. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്നാണ് ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണിയെന്ന് പെന്റഗണ്‍ വക്താവ് നേവി ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇറാന്‍ ശക്തിപ്രാപിക്കുന്നതും പശ്ചിമേഷ്യയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ സാങ്കേതികവിദ്യ ഏറെ സങ്കീര്‍ണമാണ്. ഒരു വെടിയുണ്ടയെ മറ്റൊരു വെടിയുണ്ടകൊണ്ട് തകര്‍ക്കുന്നതുപോലെയാണ് അതിന്റെ പ്രവര്‍ത്തനമെന്ന് യു.എസ് പ്രതിരോധ വിഭാഗം തന്നെ സമ്മതിക്കുന്നു. പരാജയ സാധ്യത ഏറെയുണ്ടെന്നതാണ് അതിന്റെ ദുരന്തഫലം.