സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ മറികടക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനമാണ്.

സ്വയം പരിശോധനയാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. ആര്‍ത്തവം കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളിലാണ് പരിശോധിക്കേണ്ടത്. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. മാറിന്റെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍, നിറവ്യത്യാസം, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചര്‍മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകളും. മുലക്കണ്ണ് ഉള്‍വലിയുക, സ്ഥാനവ്യത്യാസമുണ്ടാകുക, സ്രവങ്ങള്‍ വരുക, കക്ഷത്തില്‍ കാണുന്ന തടിപ്പ് തുടങ്ങിയവ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.

സ്വയം പരിശോധന നടത്തേണ്ടത് രണ്ട് വിധത്തിലാണ്.

1) കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഇരു മാറുകളും വീക്ഷിക്കുക. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് സ്തനങ്ങള്‍ വീക്ഷിച്ച് മൂന്നു തരത്തില്‍ വേണം പരിശോധിക്കാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഇടുപ്പില്‍ കൈകള്‍ വച്ചുകൊണ്ടും അല്പം മുന്നോട്ട് ആഞ്ഞു നില്‍ക്കുന്ന വിധത്തിലും വേണം സ്തനങ്ങള്‍ വീക്ഷിക്കാന്‍.

2) ഇരുമാറിലും കൈവിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചു അവയിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുക. സ്പര്‍ശനത്തിലൂടെയും മാറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കണം. ഇതിനായി മലര്‍ന്നു കിടന്നതിനു ശേഷം ഇടതു കൈ തലയുടെ പിന്‍വശത്തായി വയ്ക്കുക. ഒപ്പം ഇടതുതോള്‍ ഒരു തലയണ കൊണ്ട് അല്പം ഉയര്‍ത്തി വെയ്ക്കാം. വലതു കൈവിരലുകളുടെ മധ്യഭാഗം ഉപയോഗിച്ച് ഇടതു മാറ് പരിശോധിക്കുക. മുലക്കണ്ണിന്റെ ഭാഗത്ത് തുടങ്ങി വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മാറിന്റെ എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും ഇത് ആവര്‍ത്തിക്കണം.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അര്‍ബുദം സ്ഥിരീകരിക്കാന്‍ പ്രാഥമികമായി ചെയ്യാവുന്ന ടെസ്റ്റ് മാമോഗ്രാം ആണ്. ലളിതമായി പറഞ്ഞാല്‍ മാറിന്റെ എക്സ്റേയാണ് മാമോഗ്രാം. ഇതുപയോഗിച്ച് മാറിലെ കലകളെയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെയും വിശകലനം ചെയ്യാനാകും. ഒപ്പം കാന്‍സര്‍ സാധ്യതകള്‍ കണ്ടെത്താനും കഴിയും. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യാവുന്നതാണ്. എന്നാല്‍ ഉറ്റ ബന്ധുക്കളിലോ ജനിതകപരമായ കാന്‍സര്‍ സാധ്യത ടെസ്റ്റുകളിലൂടെയോ കണ്ടെത്തിയവര്‍ക്ക് നേരത്തേ തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണം (25 വയസ്സു മുതല്‍). മാമോഗ്രാമില്‍ അര്‍ബുദം സ്ഥിരീകരിച്ചാല്‍ ബയോപ്‌സി ചെയ്യണം. ബയോപ്‌സിയിലൂടെ മാത്രമേ അര്‍ബുദം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

സ്തനാര്‍ബുദത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇടക്കിടെയുള്ള സ്വയം പരിശോധനം ക്ലിനിക്കല്‍ പരിശോധനയും ചെയ്യുന്നത് രോഗത്തെ മറികടക്കാന്‍ വളരെ നല്ലതാണ്. ചിലര്‍ പേടികൊണ്ട് പരിശോധന നടത്താന്‍ മടിക്കും. എന്നാല്‍ ഇത് സ്ഥിതി കൂടുതല്‍ വഷളാക്കും. മറിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തേടിയാല്‍ സ്തനാര്‍ബുദത്തെ എളുപ്പത്തില്‍ മറികടക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.