കണ്ണൂര്‍: പൊലീസ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് വീണ് 20 പൊലീസുകാര്‍ക്ക് പരുക്കേറ്റു. എടക്കാട് കീഴുന്നപാറ കാന്‍ബേ റിസോര്‍ട്ടിന്റെ ഓട് മേഞ്ഞ ഹാളാണ് തകര്‍ന്ന് വീണത്. ആറുപേരുടെ പരുക്കുകള്‍ ഗുരുതരമാണ്.

രാവിലെ പത്തര്ക്കാണ് അപകടമുണ്ടായത്. ഓട് മേഞ്ഞ കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീണു. സംഭവ സമയത്ത് 80 പൊലീസുകാര്‍ ഹാളിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും റിസോര്‍ട്ട് ജീവനക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി എല്ലാവരെയും പുറത്തെടുത്തു. പരുക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൈ വിരലിന് ഗുരുതരമായി പരുക്കേറ്റ വനിതാ പൊലീസുകാരിയെ മംഗളുരൂവിലെ ആശുപത്രിയിലേക്ക് മാറ്റി.