കെ.പി ജലീല്‍

തമിഴ് വംശജര്‍ക്കെതിരെ ശ്രീലങ്കന്‍ സേന കടുത്ത ആക്രമണം അഴിച്ചുവിടുന്ന കാലം. ശ്രീലങ്കയിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി മിററിന്റെ പത്രാധിപര്‍ ചമ്പിക ലിയനാരച്ചിയോട് 2007ല്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു: സൈന്യത്തിനെതിരെ നിങ്ങള്‍ നിരന്തര വിമര്‍ശനം തുടരുന്നത് ശരിയല്ല. മഹാഭൂരിപക്ഷം ആളുകളും സേനക്ക് അനുകൂലമാണ്. സൈന്യത്തെ അവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അവരെന്തു ചെയ്യണമെന്ന് ജനങ്ങള്‍ക്കറിയാം. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ മേജര്‍ ജനറല്‍ ഗോട്ടബായ രാജപക്‌സെയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് എന്റെ നിയന്ത്രണത്തിന് അതീതമാണ്. ശ്രീലങ്കയിലെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോട്ടബായയുടെയും സഹോദരന്‍ മഹീന്ദ രാജപക്‌സയുടെയും ഉരുക്കുമുഷ്ടികളായിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ) എന്ന ഭീകരസംഘടനയെ എന്നെന്നേക്കുമായി ലങ്കന്‍ മണ്ണില്‍ കുഴിച്ചുമൂടിയത് 2009ലായിരുന്നു. അതിന് ഭരണതലത്തില്‍ നേതൃത്വം നല്‍കിയതാകട്ടെ അന്നത്തെ പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്‌സയും. പ്രഭാകരനെയും അയാളുടെ സൈനിക വ്യൂഹത്തെയാകെയും നാമാവശേഷമാക്കാന്‍ രാജപക്‌സമാര്‍ക്കായി. എന്നാല്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയയാള്‍ കുളിമുറിയില്‍ കാല്‍തെന്നി വീണു മരിച്ചതുപോലെയായി ഒരു പതിറ്റാണ്ടിനുശേഷം ആ ദ്വീപ് രാഷ്ട്രത്തിന്റെ അവസ്ഥ. രാജ്യം സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. സിംഹളര്‍ക്ക് മഹാഭൂരിപക്ഷമുള്ള രാജ്യത്ത് തമിഴ് ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരായി കഴിയേണ്ടിവരുന്ന അവസ്ഥ ഇന്ത്യയിലെ മുസ്്‌ലിംകളെ അനുസ്മരിക്കുന്നു.

ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടടുത്തവര്‍ഷം ബ്രിട്ടീഷുകാരില്‍നിന്ന് വിമോചനം നേടിയ രാജ്യത്തിന് ഇന്ന് ഇതര രാജ്യങ്ങളോട് ഭിക്ഷ തെണ്ടേണ്ട അവസ്ഥയാണ്. സ്വേച്ഛാധിപതികളും സ്വാര്‍ഥമോഹികളും ഭരണത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പിടിപാടില്ലാത്തവരും എങ്ങനെയാണ് ഒരുനാടിനെ കുട്ടിച്ചോറാക്കുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇന്നത്തെ ശ്രീലങ്ക. 2020ല്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തയുടന്‍ ഗോട്ടബായ ചെയ്ത മണ്ടന്‍ നടപടികളാണ് രാജ്യത്തെ നരകതുല്യമാക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 254ഉം ഒരുകിലോ അരിയുടെ വില 448 രൂപയുമായതാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതീകങ്ങള്‍. വന്‍തോതില്‍ നികുതിവെട്ടിക്കുറച്ചതും നോട്ടടിച്ചതും രാസവളം ഒഴിവാക്കാന്‍ ഉത്തരവിട്ടതുമാണ് പൊടുന്നനെയുള്ള ശ്രീലങ്കയുടെ തകര്‍ച്ചക്ക് കാരണമായത്. നേരത്തെതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജ്യത്തിന് ചൈനയില്‍നിന്നും അന്താരാഷ്ട്രനാണയ നിധിയില്‍നിന്നും വന്‍തോതില്‍ വായ്പയെടുത്തതും കൂടി വലിയ ബാധ്യതയായി മാറുകയായിരുന്നു. വിദേശത്തുനിന്ന് അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍പോലും ഇറക്കുമതി ചെയ്യാനാവാഞ്ഞതോടെ ജനം പട്ടിണിയിലായി. ഏതൊരു രാജ്യത്തിനും ഇറക്കുമതി ചെയ്യാനാവശ്യമായ മിനിമം വിദേശ നാണ്യശേഖരം സൂക്ഷിക്കണമെന്നത് സാമാന്യമായ ഇക്കണോമിക് അറിവാണ്. അതുപോലും ശ്രീലങ്കയുടെ ഭരണാധികാരികള്‍ക്ക് ചിന്തിക്കാനാവാതെപോയതും പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

കേരളത്തിന്റെ നാലില്‍ മൂന്ന് മാത്രം ജനസംഖ്യയുള്ള (2.2 കോടി), നമ്മുടെ അതിര്‍ത്തിയില്‍നിന്ന് 55 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ‘രാവണരാജ്യ’ത്തിന് കരകയറണമെങ്കില്‍ ഇനി മറ്റു രാജ്യങ്ങള്‍ കാര്യമായി തന്നെ കനിയേണ്ടതുണ്ട്. 2021 ഏപ്രിലിലാണ് കര്‍ഷകരോട് മുഴുവന്‍ ജൈവ കൃഷിയിലേക്ക് മാറണമെന്ന് ഗോ്ട്ടബായ ഭരണകൂടം ഉത്തരവിറക്കുന്നത്. രാജപക്‌സമാരുടെ ശൈലിയനുസരിച്ച് ഉത്തരവനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് അറിയാവുന്ന ജനങ്ങള്‍ അതപ്പടി അനുസരിക്കാന്‍ നിര്‍ബന്ധിതരായി. ഫലമോ രാജ്യത്തെ കാര്‍ഷികോത്പാദനം പകുതിയിലും താഴെയായി കുറഞ്ഞു. ഏതാണ്ട് ഇന്ത്യയില്‍ കാര്‍ഷിക കരിനിയമങ്ങള്‍ പാസാക്കിയ അതേ സമയത്താണ് ശ്രീലങ്കന്‍ സര്‍ക്കാരും കര്‍ഷകര്‍ക്കെതിരെ അവിടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏതൊരു രാജ്യത്തിന്റെയും നിലിനല്‍പിന്റെ അടിസ്ഥാനം കാര്‍ഷിക മേഖലയാണെന്നത് തിരിച്ചറിയാതെയായിരുന്നു ഇന്ത്യയിലെ പോലെ ശ്രീലങ്കയിലെ ഫാസിസ്റ്റ് സര്‍ക്കാരും മുന്നോട്ടുനീങ്ങിയത്. പത്തു ലക്ഷം പേരാണ് ഇവിടെ കാര്‍ഷിക വൃത്തിയില്‍ ഏര്‍പെട്ടിരിക്കുന്നത്. അവരോട് പൊടുന്നനെ ജൈവ കൃഷിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചതോടെ ഉത്പാദനം താറുമാറായി. നെല്ല്, തേയില, പച്ചക്കറി തുടങ്ങിയവയുടെ വിളവ് മൂന്നിലൊന്നായി കുറഞ്ഞു. അരിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍ രാജ്യം. കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുക എന്നായിരുന്നു സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞതെങ്കില്‍ ഒരേ സമയം ഉത്പാദനം ഇടിയുകയും ഇറക്കുമതി കുറയുകയുംചെയ്തതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് പിടിച്ചാല്‍കിട്ടാത്ത വിലയായി. ധാന്യങ്ങള്‍പോലും കിട്ടാക്കനിയായി. അത്യാവശ്യ റേഷന്‍ ധാന്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ വരിനില്‍ക്കേണ്ട ഗതികേടിലായി ജനത. ഇവരെ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കേണ്ട അവസ്ഥ ദൈന്യതയുടെ അളവ് വ്യക്തമാക്കുന്നുണ്ട്. രാസവളം, വാഹനങ്ങള്‍, മഞ്ഞള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ നാണ്യസമ്പത്ത് പുറംലോകത്തേക്ക് ഒഴുകുന്നുവെന്നാണ് ഗോട്ടബായ പറഞ്ഞ കാരണം. രാസവളം ശീലിച്ച കര്‍ഷകരാകട്ടെ അതില്ലാതെ കൃഷിയിറക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. പ്രതിവര്‍ഷം 40 കോടി രൂപയുടെ രാസവളമാണ് ശ്രീലങ്ക ഇറക്കുമതി ചെയ്തതെങ്കില്‍ അത് പകുതിയായി കുറഞ്ഞു. വസ്ത്രവിപണിയും നാമാവശേഷമായി. ബട്ടനുകള്‍പോലും ഇറക്കുമതി ചെയ്യുന്നനാടാണ് ശ്രീലങ്ക. പ്രതിവര്‍ഷം 37 കോടിയുടെ മൊബൈല്‍ ഇറക്കുമതിചെയ്യുന്നു. നിലവില്‍ 600 കോടി ഡോളറിന്റെ വിദേശനാണ്യകമ്മിയാണ് രാജ്യം നേരിടുന്നത്. രാജപക്‌സ കുടുംബത്തിന്റെ കൊള്ളയാണ് കാരണമെന്നാണ് ജനം പറയുന്നത്.

ടൂറിസമാണ് ഹരിതാഭമായ ഈ ദ്വീപുരാജ്യത്തിന്റെ മറ്റൊരു വരുമാന മാര്‍ഗം. കോവിഡ് കാലത്ത് അത് ഏതാണ്ട് പൂര്‍ണമായി നിലച്ചതും കുരുക്ക് മുറുക്കി. രാജ്യത്തെ വരുമാനത്തിന്റെ (ജി.ഡി.പി) 11 ശതമാനമാണ് ശ്രീലങ്കയുടെ ടൂറിസത്തില്‍ നിന്നുള്ള വരവ്. മിക്ക രാജ്യത്തിനും ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നേരത്തെതന്നെ തളര്‍ന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനങ്ങള്‍ കൂടിയായതോടെയാണ് സര്‍വം കൈവിട്ടുപോയത്. 13 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് പണപ്പെരുപ്പനിരക്ക് 15 ശതമാനത്തിന് മുകളില്‍ കടന്നിരിക്കുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പനിരക്ക് 5 ശതമാനത്തിനടുത്താണെന്നത് കണക്കിലെടുത്താല്‍ വിലക്കയറ്റത്തിന്റെ തോത് വ്യക്തമാകും.

ജനങ്ങളുടെയും ഭരണാധികാരികളുടെയും മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നുനില്‍ക്കുന്നത.് ധാന്യങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ ശേഷിയുള്ള ഭരണാധികാരികളും വന്‍കിടക്കാരും സര്‍ക്കാരുമായി അടുപ്പമുള്ളവരും സസുഖം കഴിയുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരുമാണ് തീ തിന്നാന്‍ വിധിക്കപ്പെട്ടിരിക്കുന്നത.് പുരാണത്തിലെ ലങ്കാദഹനത്തിന്റെ നേര്‍ചിത്രമാണിത്. ഐ.എം.ഫില്‍നിന്നും മറ്റും വീണ്ടും വായ്പയെടുത്ത് കരകയറാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതെത്രകണ്ട് രക്ഷിക്കുമെന്ന് കണ്ടറിയണം. 100 രൂപയുടെ വരുമാനത്തിന് 115 രൂപ കടമുള്ളവരുടെ നാടായി മാറിയിരിക്കുകയാണിപ്പോള്‍ ശ്രീലങ്ക എന്ന ‘ഇന്ത്യയുടെ കണ്ണീര്‍’. ഈ കണ്ണീരെന്ന്, ആര് തുടയ്ക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ഇന്ത്യപോലെ ഫാസിസത്തിലേക്ക് അതിദ്രുതം കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഏകാധിപതികളായ ഭരണാധികാരികള്‍ എന്തെല്ലാം കെടുതികളാണ് ജനതയുടെ തലയില്‍ കെട്ടിവെക്കുക എന്നതിന് ഉദാഹരണമാണ് ഈ ശ്രീലങ്കന്‍ ക്രൈസിസ്. ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവരെല്ലാം സമ്മതിക്കുന്ന ഒന്നുണ്ട്. അത് ജനാധിപത്യ രീതിയിലുള്ള, സര്‍വരെയും, ഭിന്നങ്ങളായ സര്‍വതും ഉള്‍ക്കൊള്ളുന്ന ഭരണകൂടങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ജനതയ്ക്കും മാത്രമേ നിലനില്‍പുള്ളൂവെന്നതാണ്. ജനങ്ങള്‍ വലിയൊരു കലാപത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ കാരണം രാജപക്‌സമാരുടെ ഉരുക്കുമുഷ്ടികളാണ്. അതെത്രത്തോളം ജനരോഷമെന്ന അണക്കെട്ടിനെ പിടിച്ചുനിര്‍ത്തുമെന്ന് തീര്‍ത്തു പറയാനാവില്ല. പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും കര്‍ഷകരോടുമുള്ള ധാര്‍ഷ്ട്യത്തിന്റെ രീതി ശ്രീലങ്കയെപോലെ ഇന്ത്യയെയും എങ്ങോട്ടാണ് നയിക്കുക? നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കോവിഡ് കാലകൂട്ട മരണങ്ങളും സാമ്പത്തിക മാന്ദ്യവുമെല്ലാം തെളിയിക്കുന്നതെന്താണ്? മൂന്നര ലക്ഷം കോടി പൊതുകടമുള്ള കേരളത്തിനും ഇതില്‍നിന്ന് പലതും പഠിക്കാം!