കുരുമുളക് വില കഴിഞ്ഞയാഴ്ച കുറഞ്ഞു. റബര്‍ വിലയും കുറഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണ വില ഉയര്‍ന്നു. തേയിലയുടെ ചിലയിനങ്ങള്‍ക്ക് മാത്രം വില കൂടി. ഏതാനും ആഴ്ചകളായി ഉയര്‍ന്നു നിന്ന കുരുമുളക് വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 45,200 രൂപയില്‍ നിന്ന് 43,300 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 47,200 രൂപയില്‍ നിന്ന് 45,300 രൂപയായും കുറഞ്ഞു. കുരുമുളകിന്റെ പുതിയ വിളവെടുപ്പ് തുടങ്ങാറായതോടെ വരവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടിഞ്ഞാണിടുകയും 500 രൂപ മിനിമം ഇംപോര്‍ട്ട് പ്രൈസ് നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിനെ അതിജീവിക്കാനുള്ള വേലകള്‍ ചില ഇറക്കുമതിക്കാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ചില അധികൃതര്‍ ഇതിനു ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7400-7500 ഡോളറാണ്. വിയറ്റ്‌നാം അവരുടെ ഗുണ മേന്മ കൂടിയ മുളക് 3500 ഡോളറിനും കുറഞ്ഞ ക്വാളിറ്റി 3000 ഡോളറിനുമാണ് വില്‍ക്കുന്നത്. ബ്രസീല്‍ 3200-3300 ഡോളറിനു ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ചരക്കില്ല. ഇന്തോനേഷ്യ 4000 ഡോളറാണ് വില പറയുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. ഇതോടെ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

വെളിച്ചെണ്ണ വിലയിലെ കയറ്റത്തിന് ശമനമായി. അനിയന്ത്രിതമായി വില ഉയര്‍ന്നതോടെ ഡിമാന്റ് കുറയാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. മില്ലിംഗ് വെളിച്ചെണ്ണ 20,400 രൂപയും റെഡി വെളിച്ചെണ്ണ 19,600 രൂപയായും മാറ്റമില്ലാതെ തുടര്‍ന്നു, കൊപ്ര വില 14,300 രൂപയാണ്.

റബര്‍ വില കൂടിയിട്ട് കുറഞ്ഞു. ആര്‍.എസ്സ്.എസ്സ്.നാല് 13,200 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 12850 രൂപയായി കുറയുകയും ചെയ്തു. ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,750 രൂപയില്‍ നിന്ന് 12,450 രൂപയായും കുറഞ്ഞു. അവധി കച്ചവടക്കാരാണ് വില പൊട്ടിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 103 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 123 രൂപയുമാണ് വില. സംസ്ഥാനത്തെ ഉല്‍പ്പാദക മേഖലകളില്‍ ടാപ്പിംഗ് നടക്കുന്നുണ്ട്. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുമെന്നാണ് പ്രതീക്ഷ. വിപണിയില്‍ വരവ് വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ 200 ടണ്‍ കച്ചവടമായപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങിയിട്ടുണ്ട്. സ്വര്‍ണ്ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. സ്വര്‍ണ്ണ വില പവന് 21,760 രൂപയില്‍ നിന്ന് 21,880 രൂപയായി കൂടുകയായിരുന്നു. അന്താരാഷ്ടവിപണിയുടെ ചുവട് പിടിച്ചാണ് ഇവിടേയും വില ഉയര്‍ന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില അവിടെ 1294.40 ഡോളറില്‍ നിന്ന് 1321.70 ഡോളറായിട്ടാണ് കൂടിയത്.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 1,34,000 കിലോയാണെത്തിയത്. രണ്ടു രൂപ കിലോക്ക് കൂടി. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 226 രൂപ മുതല്‍ 275 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 180-195, മീഡിയം ബ്രോക്കണ്‍ 92-98, മീഡിയം ഫാനിംഗ്‌സ് 83-88.
സി.ടി.സി.ഇലത്തേയില 59,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 109-119, ബെസ്റ്റ് ഫാനിംഗ്‌സ് 93-98, മീഡിയം ബ്രോക്കണ്‍ 81-87, മീഡിയം ഫാനിംഗ്‌സ് 74-79.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 14,000 കിലോ. വില സ്റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഫൈന്‍ 78-84, ഫൈബ്രഡ് ടൈപ്പ് 62
സി.ടി.സി.പൊടിത്തേയില 10,20,000 കിലോ. മൂന്നു മുതല്‍ ആറ് രൂപ വരെ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 130-147, ബെസ്റ്റ്് റെഡ് ഡസ്റ്റ് 124-132, കടുപ്പമുള്ള ഇടത്തരം 1110-115, കടുപ്പം കുറഞ്ഞ ഇടത്തരം 100-105, താണയിനം 78-84.