ജിദ്ദ: ഈ വര്‍ഷത്തെ സഊദി-ഇന്ത്യ ഹജ്ജ് കരാര്‍ ഒപ്പ് വെച്ചു. ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും സൗദി ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്‍തനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ മാറ്റം വരുത്തിയിട്ടില്ല. 170,025 ഇന്ത്യക്കാര്‍ക്ക് ഇത്തവണയും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

കപ്പല്‍ സര്‍വീസിന് സഊദി ഭരണ കൂടം അനുമതി നല്‍കിയതും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മഹ്‌റം കൂടാതെ ഹജ്ജിനെത്താമെന്നതും ഇത്തവണത്തെ പ്രത്യേകതയാണെന്ന് ജിദ്ദ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി നഖ്‌വി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. 45 വയസിന് മുകളിലുള്ള നാലുപേരടങ്ങിയ സംഘത്തിന് മഹ്‌റം ആവശ്യമില്ല. ഇവര്‍ക്ക് പ്രത്യേകം താമസ സൗകര്യം ഏര്‍പെടുത്തും. ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിയില്‍ 3,60,000 അപേക്ഷ ലഭിച്ചിരുന്നു. ക്വാട്ട വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സഊദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.