വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഭീഷണികള്‍ മുഴക്കിയും പ്രകോപനം സൃഷ്ടിച്ചും വാക്‌പോരാട്ടം നടത്തിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വരംമാറ്റം. ഉന്നുമായി നേരിട്ട് സംസാരിക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പ് ഡേവിഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഞാന്‍ എപ്പോഴും ചര്‍ച്ചയില്‍ വിശ്വസിക്കുന്നവനാണ്. ഉന്നുമായി ഫോണില്‍ സംസാരിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ചെയ്യുമെന്നായിരുന്നു മറുപടി. അതിന് പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയയും ദക്ഷിണകൊറിയയും ചര്‍ച്ച നടത്തി ആണവ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ദക്ഷിണകൊറിയയിലെ ശീതകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒളിമ്പിക്‌സിന് അപ്പുറത്തേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. ആ ചര്‍ച്ചകളില്‍നിന്ന് എന്തെങ്കിലും ഉരുത്തിരിഞ്ഞുവരികയാണെങ്കില്‍ മനുഷ്യരാശിക്കു തന്നെ അതൊരു വലിയ കാര്യമായിരിക്കും-ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒമ്പതു മുതല്‍ തുടങ്ങുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായി പുതുവര്‍ഷ സന്ദേശത്തില്‍ ഉന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇരുകൊറിയകളും ഒത്തുചേരുന്നത്.

വെടിനിര്‍ത്തല്‍ മേഖലയായ പാന്‍മുന്‍ജോന്‍ ഗ്രാമത്തിലേക്ക് അഞ്ചംഗ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് പ്രസിഡന്റായതു മുതല്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ തീപ്പൊരി പ്രസ്താവനകളാണ് നടത്തുന്നത്. ട്രംപിനെ ഭ്രാന്തനെന്ന് വിളിച്ച് ഉന്‍ അധിക്ഷേപിച്ചിരുന്നു. റോക്കറ്റ് മാന്‍ എന്നായിരുന്നു ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ആണവായുധ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്ന് പറഞ്ഞ് ഉന്‍ ട്രംപിനെ ഒന്നുകൂടി വിരട്ടി. തന്റെ മേശപ്പുറത്ത് വലിയ ബട്ടനുണ്ടെന്നായിരുന്നു ഇതിന് ട്രംപിന്റെ മറുപടി.