മംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ്  രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ് ഏഴംഗ സംഘം ആക്രമിച്ചത്. കടയടക്കാന്‍ നേരം മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയിലും നെഞ്ചിലും ആഴത്തില്‍ വെട്ടേറ്റ ബഷീറിനെ അതുവഴിയെത്തിയ ആംബുലന്‍സ് ഡ്രൈവറാണ് ആസ്പത്രിയിലെത്തിച്ചത്. ആക്രണത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വിയില്‍ നിന്നു ലഭിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദേശ്, ധനുഷ്, ശ്രീജിത്ത്, കിഷന്‍ എന്നീ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ മഞ്ചേശ്വരം സ്വദേശിയുമാണ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മംഗലാപുരത്തുണ്ടായ ആക്രമസംഭവങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദീപക് റാവു കൊല്ലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ബന്ദര്‍ സ്വദേശി മുബഷിറിനും (22) വെട്ടേറ്റു. മുഖ്യമന്ത്രി സിദ്ധരാമയ്യ  സമീപ ജില്ലയായ ഉഡുപ്പി സന്ദര്‍ശിക്കാനിരിക്കെയാണ് പ്രകോപനവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.