X

career chandrika:ഗണിതം പഠിച്ചുയരാന്‍ ഐഎസ്‌ഐയും സിഎംഐയും

ഗണിതശാസ്ത്ര അനുബന്ധ മേഖലകളില്‍ തുടര്‍പഠനമാഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ കരിയര്‍ സാധ്യതകളാണുള്ളത്. ഈ മേഖലയില്‍ പഠനാവസരമൊരുക്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഈ സ്ഥാപനങ്ങളെ പരിചയപ്പെടാം;

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്

ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് ഐഎസ്‌ഐ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കൊല്‍ക്കത്തയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേജ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുള്ള ഐഎസ്‌ഐയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുബന്ധ വിഷയങ്ങളില്‍ പഠന ഗവേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത സൗകര്യങ്ങളാണുളളത്. ആഗോള തലത്തില്‍ തന്നെ പ്രശസ്തങ്ങളായ സര്‍വകലാശാലകളുമായും അക്കാദമിക/വ്യവസായിക കേന്ദ്രങ്ങളുമായും ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഐഎസ്‌ഐയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്ലേസ്‌മെന്റിന് അവസരങ്ങളും ലഭിക്കാറുണ്ട്.

ബിരുദ തലത്തില്‍ ബിമാത്ത് (ഓണേഴ്‌സ്), ബിസ്റ്റാറ്റ് (ഓണേഴ്‌സ്) എന്നീ മൂന്നുവര്‍ഷ കോഴ്‌സുകളാണ് ഐഎസ്‌ഐ നടത്തുന്നത്. ബംഗളുരു ക്യാമ്പസിലാണ് ബിമാത്ത് കോഴ്‌സ് ഉള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ഉപരിപഠനത്തിനു അവസരമുണ്ട്. കൊല്‍ക്കത്ത ക്യാമ്പസില്‍ നടത്തുന്ന ബിസ്റ്റാറ്റ് പ്രോഗ്രാമില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പാഠങ്ങളും ഉള്‍പ്പെടും. കോഴ്‌സ് കഴിഞ്ഞാല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് മേഖലകളില്‍ ഉപരിപഠനത്തിനായി ശ്രമിക്കാം.

ഗണിതവും ഇംഗ്‌ളീഷും വിഷയങ്ങളായി പഠിച്ച പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും താത്പര്യമനുസരിച്ച് ഏതെങ്കിലും ഒരു കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഗണിതശാസ്ത്രത്തിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലും വിവരണ രീതിയിലുമുള്ള പ്രവേശന പരീക്ഷകള്‍ അഭിമുഖീകരിക്കണം. നാഷണല്‍ മാത്തമറ്റിക്കല്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്ത് മികവ് തെളിയിച്ചവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്.

ബി.സ്റ്റാറ്റ്(ഓണേഴ്‌സ്), ബി.മാത്ത്(ഓണേഴ്‌സ്) എന്നിവ ഫീസില്ലാതെ പഠിക്കാമെന്നതിന് പുറമെ 5,000 രൂപ പ്രതിമാസ സ്‌റ്റൈപന്റും വര്‍ഷത്തില്‍ 5,000 രൂപ കണ്ടിന്‍ജന്‍സി അലവന്‍സായും ലഭിക്കുംമെന്ന പ്രത്യേകതയുമുണ്ട്. 63 വീതം സീറ്റുകളാണ് പൊതു വിഭാഗത്തിലുള്ളതെങ്കിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി 16 സൂപ്പര്‍ ന്യൂമറേറ്ററി സീറ്റുകളുണ്ട്. ഒബിസി, പട്ടിക വിഭാഗങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സീറ്റ് സംവരണമുണ്ട്. ഏപ്രില്‍ 5 വരെ https://www.isical.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മേയ് പതിനാലിനാണ് പ്രവേശന പരീക്ഷ നടക്കുന്നത് എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലടക്കം 66 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പൊതുവിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് 1500 രൂപയും പെണ്‍കുട്ടികള്‍ക്ക് 1000 രൂപയും സംവരണ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. പരീക്ഷയുടെ സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളും വെബ്‌സൈറ്റില്‍ ലഭിക്കും.

ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ ഐഎസ്‌ഐയുടെ വിവിധ കേന്ദ്രങ്ങളിലായി മാസ്റ്റര്‍ ഓഫ് സയന്‍സ്, എം.ടെക്, മറ്റു പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍, ഗവേഷണ അവസരങ്ങള്‍ എന്നിവയുമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ചെന്നൈ മാത്തമാറ്റിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്

ഗണിതശാസ്ത്ര പഠന ഗവേഷണ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തമായ സ്ഥാപനമാണ് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഐ). മാത്തമാറ്റിക്‌സിനൊപ്പം കമ്പ്യൂട്ടര്‍ സയന്‌സും ഫിസിക്‌സും ഉള്‍ക്കൊള്ളുന്ന രണ്ട് തരം ത്രിവത്സര ബി.എസ്.സി (ഓണേഴ്‌സ്) പ്രോഗ്രാമുകളാണുള്ളത്. കൂടാതെ എം.എസ്.സി, മറ്റു ഗവേഷണ പ്രോഗ്രാമുകള്‍ എന്നിവയുമുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും 2023ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 7 നു പ്രവേശന പരീക്ഷ നടക്കും. എഴുത്തു പരീക്ഷയുടെ സിലബസ്സും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറും ഉത്തരങ്ങളും https://www.cmi.ac.in/എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ദേശീയ ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ വാര്‍ഷിക പഠനഫീസ് ഉണ്ടെങ്കിലും മുഴുവന്‍ ഫീസിളവുകളും ലഭിക്കുന്നതടക്കമുള്ള സ്‌കോളര്‍ഷിപ്പുകള്‍, മറ്റു ഫെലോഷിപ്പുകള്‍ എന്നിവ ലഭ്യമാണ്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച് ഭാഗികമായോ മുഴുവനായോ ഫീസിളവ് ലഭിക്കാനും ശ്രമിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 9 നകം ഓണ്‍ലൈനായി https://www.cmi. ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

webdesk11: