സി.ബി.ഐ തലപ്പത്തെ കലഹങ്ങളെ തുടര്‍ന്നുണ്ടായ നാടകീയതകള്‍ അവസാനിക്കുന്നില്ല. സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയേയും സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയേയും സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതിന് പിന്നാലെ രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്ന മുഴുവന്‍ സി.ബി.ഐ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റി.
ഡയരക്ടര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകനായ ഗോപാല്‍ ശങ്കര്‍ നാരായണന്‍ വഴിയാണ് വര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി സ്വീകരിച്ച കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും. തന്നെ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ലെന്നാണ് വര്‍മയുടെ പ്രധാന വാദം. നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുമ്പോള്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടമെന്ന് അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നു.
സി.ബി.ഐയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ കൈകടത്തുന്നതാണ് സര്‍ക്കാറിന്റെ നടപടിയെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. സി.ബി.ഐ ഡയരക്ടര്‍മാരെ സ്ഥലം മാറ്റാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നതാധികാര കമ്മിറ്റിക്കു മാത്രമേ അധികാരമുള്ളൂ, സുപ്രീം കോടതി വിധിക്കെതിരായാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ഹര്‍ജിയില്‍ വര്‍മ ചൂണ്ടിക്കാട്ടുന്നു. ചില സുപ്രധാന കേസുകളിലെ അന്വേഷണത്തില്‍ സര്‍ക്കാറിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടതായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇതോടെ സി.ബി.ഐ ആസ്ഥാനത്തെ പോര് കോടതിയിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി. കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ട് മോദിയുടെ അടുപ്പക്കാരനായ സ്‌പെഷ്യല്‍ ഡയരക്ടര്‍ക്കെതിരെ സി.ബി.ഐ തന്നെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഈ കേസ് അന്വേഷിച്ച മുഴുവന്‍ സംഘാംഗങ്ങളേയും സ്ഥലം മാറ്റി. ഇതോടെ അസ്താനക്കെതിരായ കേസ് അന്വേഷണം അനിശ്ചിതത്വത്തിലായി.
അസ്താനക്കെതിരായ അന്വേഷണവും റഫാല്‍ കാരാര്‍ അന്വേഷിക്കാന്‍ അലോക് വര്‍മ തയാറായതുമാണ് പെട്ടെന്നുള്ള സര്‍ക്കാര്‍ ഇടപെടലിന് പിന്നിലെന്നാണ് കരുതുന്നത്. ഏറെ നാടകീയമായാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ തലവന്‍മാരെ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി ഉണ്ടായത്. ചൊവ്വാഴ്ച അര്‍ധ രാത്രി പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത അപ്പോയിന്റ്‌മെന്റ് കമ്മിറ്റി യോഗമാണ് വര്‍മയോടും അസ്താനയോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്.
യോഗത്തില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയാണ് ഈ നിര്‍ദേശം വെച്ചതെന്നാണ് റിപ്പോര്‍ട്ട്. അര്‍ധ രാത്രി തന്നെ ഒ ഡീഷ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എം നാഗേശ്വര റാവുവിന് ഡയരക്ടറുടെ ചുമതല നല്‍കുകയും ചെയ്തു. നക്‌സല്‍ വേട്ടക്ക് പ്രസിദ്ധനായ റാവു നിരവധി ആരോപണം നേരിടുന്നയാളാണ്. മുതിര്‍ന്ന അഭിഭാഷകന്‍ പ്ര ശാന്ത് ഭൂഷണ്‍ റാവുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. തുടര്‍ന്ന് പുലര്‍ച്ചെ ചുമതല ഏറ്റെടുത്ത നാഗേശ്വര്‍ റാവു അലോക് വര്‍മയേയും അസ്താനയേയും ഓഫീസില്‍ പ്രവേശിക്കുന്നത് വിലക്കുകയും ഇരുവരുടേയും ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ഓഫീസുകള്‍ സീ ല്‍ ചെയ്യുകയും ചെയ്തു.