രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചത് അഴിമതിക്കാരെ അകത്താക്കാന്‍ ശ്രമിച്ചതിന്. കഴിഞ്ഞ ദിവസം മോദിയുടെ അടുത്തയാളായ സി.ബി.ഐയിലെ രണ്ടാമന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കേസെടുത്ത് അറസ്റ്റിന് തുനിഞ്ഞതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെങ്കിലും റഫാല്‍ കുംഭകോണമാണ് നടപടിക്ക് കാരണമായതെന്നാണ് വിവരം. ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശമനുസരിച്ച് ചരിത്രത്തിലാദ്യമായി സി.ബി.ഐയുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും അസ്താനയും സഹായികളും നടത്തിയ അഴിമതിയുടെ ചുരുളഴിക്കാന്‍ ശ്രമിച്ചതുമാണ് ഡയറക്ടറുടെ തൊപ്പി തെറിക്കാനിടയാക്കിയത്. ജോ. ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് കാബിനറ്റ് നിയമനസമിതി പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതിനെതിരെ അലോക്‌വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വിദേശത്ത് ആളുകളെവെച്ച് അവര്‍വഴി നിര്‍ണായകമായ അഴിമതിക്കേസുകള്‍ വഴിതിരിച്ചുവിട്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ കോടികള്‍ കോഴ വാങ്ങിയതിനാണ് ഏതാനും ദിവസം മുമ്പ് ഡയറക്ടര്‍ അലോക്‌വര്‍മ തന്റെ രണ്ടാമനെതിരെ ക്രിമിനല്‍ നടപടി ആരംഭിച്ചത്. ഇത് അറിഞ്ഞയുടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തിലിടപെട്ട് ഇരു ഉദ്യോഗസ്ഥര്‍ക്കെതിരെയും രംഗത്തുവന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നത് പ്രധാനമന്ത്രിക്ക് സഹിക്കാനാകില്ലെന്നുമൊക്കെയായിരുന്നു പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഓഫീസ് വൃത്തങ്ങള്‍ പുറംലോകത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ചതെങ്കില്‍ ബുധനാഴ്ച ഉച്ചയോടെ ഡയറക്ടറെയും സ്‌പെഷല്‍ ഡയറക്ടറെയും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത് മോദി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വെളിച്ചത്താക്കിയിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താന അവിടെ മോദിക്കും ബി.ജെ.പിക്കും അനുകൂലമായി ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തയാളാണെന്നതായിരുന്നു സി.ബി.ഐയിലെ ഡെപ്യൂട്ടേഷനുള്ള കാരണം. ഇതുപോലെ സി.ബി.ഐയുടെ തന്നെ ജോ.ഡയറക്ടറായി എ.കെ ശര്‍മയെയും മോദി രണ്ടു വര്‍ഷം മുമ്പ് ഏജന്‍സിയില്‍ തിരുകിക്കയറ്റുകയുണ്ടായി. ഇദ്ദേഹവും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കറ തീണ്ടിയിട്ടുള്ള വ്യക്തിയാണ്. ഇവരെയൊക്കെ താന്‍ പ്രധാനമന്ത്രിയായ ശേഷം സി.ബി.ഐയിലേക്ക് നിയമിക്കുക വഴി മോദി സ്വയം തന്റെ നയം വെളിപ്പെടുത്തുകയായിരുന്നു. സി.ബി.ഐയുടെ നയങ്ങളെയും അന്വേഷണ സംവിധാനത്തെയും ഇവരായിരിക്കും ഇനി സ്വാധാനിക്കുക എന്നതായിരുന്നു അത്. അത് അച്ചട്ടായിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കാണാന്‍ കഴിയുന്നത്.
9000 കോടിയുടെ ബാങ്ക് തട്ടിപ്പു കേസ് പ്രതി ബി.ജെ.പി എം.പിയായിരുന്ന വിജയ്മല്യയുടെ വിദേശത്തേക്കുള്ള രക്ഷപ്പെടലിന് വഴിയൊരുക്കിയത് എ.കെ ശര്‍മയാണെന്നതിന് സി.ബി.ഐ വൃത്തങ്ങളില്‍നിന്ന് തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. അലോക്‌വര്‍മ ഡയറക്ടറായതിനുശേഷം അഴിമതിക്കറയുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ നേര്‍ക്ക് സംശയക്കണ്ണുകളോടെയാണ് നോക്കിയിരുന്നതും അവരുടെ ഔദ്യോഗിക മേഖലയില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയതും. ഇതാണ് മുമ്പത്തെ അനില്‍ശര്‍മയെ പോലെതന്നെ ഇപ്പോള്‍ പുറത്തായ അലോക് വര്‍മയെയും മോദിയുടെ അനിഷ്ടത്തിന് പാത്രമാക്കിയത്. റഫാല്‍ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പിയിലെ വിമതരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതും മോദിയെ ചൊടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് അസ്താനയുമായി ബന്ധപ്പെട്ട അഴിമതിക്കഥ പുറത്തുവരുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി കമ്പനിയുടെ ഉടമ മോയിന്‍ഖുറേഷിയുടെയും ഇയാളുടെ അടുത്തയാളായ സതീശ് സനയുടെയും കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താന വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും അതിനായി മൂന്നു കോടി രൂപ കൈക്കൂലി വാങ്ങുകയും ചെയ്തതായാണ് വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിലൊടുവിലാണ് റെയ്ഡും ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അസ്താനയുടെ ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ അറസ്റ്റും. സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയും ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്രകുമാറും തങ്ങള്‍ കേസില്‍ നിരപരാധികളാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കോടതി അസ്താനയുടെ അറസ്റ്റ് തല്‍ക്കാലം തടഞ്ഞിരിക്കുകയുമാണ്. കാലങ്ങളായി സി.ബി.ഐ ഉദ്യോഗസ്ഥരുടെ അഴിമതി ദല്ലാളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് പ്രസാദ്. ഇയാളും കേസില്‍ അറസ്റ്റിലാണ്. ഇതെല്ലാം മോദിയിലേക്കും അമിത്ഷായിലേക്കും കാര്യങ്ങളെകൊണ്ടു ചെന്നെത്തിക്കുമോ എന്ന ഭീതി ഭരണകക്ഷിക്കുണ്ടായിരിക്കണം. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തമ്മിലടിക്കെതിരായ നടപടി എന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ഇരുവരെയും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെങ്കിലും മോദിക്കെതിരെ നീണ്ടിരിക്കുന്ന സഹസ്ര കോടികളുടെ അഴിമതി തന്നെയാണ് വാസ്തവത്തില്‍ ഡയറക്ടറെ മാറ്റാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് വിശ്വാസയോഗ്യമായി അറിവാകുന്നത്.
നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ആരോപണം ഉയര്‍ന്നുവരികയും അത് കോണ്‍ഗ്രസ് വിജിലന്‍സ് കമ്മീഷണറുടെയും സി.ബി.ഐയുടെയും ശ്രദ്ധയില്‍പെടുത്തുകയും ചെയ്തതോടെ അലോക് വര്‍മയെ ഏതുവിധേനയും പുറത്താക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നുവെന്ന വാദത്തിന് കഴമ്പുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കോണ്‍ഗ്രസ് പാര്‍ട്ടിയും റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കാനിരിക്കെ സി.ബി.ഐ ഡയറക്ടറെ ഈ തക്കത്തിന് മാറ്റി പകരം തന്റെ ഇഷ്ടക്കാരനെ പ്രതിഷ്ഠിച്ചിരിക്കുകയാണിപ്പോള്‍ പ്രധാനമന്ത്രി. റഫാല്‍ അഴിമതിയില്‍ റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ പങ്കും വിമാനത്തിന്റെ എണ്ണം വെട്ടിക്കുറച്ചതും മറ്റും വലിയ ഒച്ചപ്പാടാണ ്‌രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സി.ബി.ഐയുടെ തലവനെ മാറ്റിയ നടപടിയില്‍ ജനവും പ്രതിപക്ഷവും അരുതായ്മ മണക്കുന്നതില്‍ കുറ്റം കാണേണ്ടതില്ല. ഇതോടെ അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിലല്ല, അവരെ രക്ഷപ്പെടുത്തുന്നതിലാണ് മോദി ഭരണകൂടത്തിന്റെ മുന്‍ഗണന എന്നു വന്നിരിക്കുന്നു. താന്‍ തന്നെയും കുരുക്കിലകപ്പെടാന്‍ താന്‍ നിയമിച്ച ഉദ്യോഗസ്ഥന്‍ കാരണമായേക്കുമെന്ന ഭയമായിരിക്കാം പ്രധാനമന്ത്രിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുക. ഇത് നരേന്ദ്രമോദിക്ക് ഭൂഷണമാണെങ്കിലും രാജ്യത്തിന് ഒരുനിലക്കും ഗുണകരമാകില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.