ഡല്‍ഹി: ദിവസങ്ങളായി തുടര്‍ന്നു വരുന്ന കര്‍ഷക സമരത്തെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി റാവുസാഹേബ് ദാന്‍വെ. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്നാണ് റാവു സാഹേബ് പറഞ്ഞത്.നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

നേരത്തെ സമാനമായ വാദവുമായി ഹരിയാന കാര്‍ഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാല്‍ കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. സമരം കോര്‍പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്നും പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം കടുപ്പിച്ച കര്‍ഷകര്‍ ഡിസംബര്‍ 14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 12ന് ഡല്‍ഹി ജയ്പൂര്‍, ദല്‍ഹി ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയത്. ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.ജെ.പി ഓഫീസുകള്‍ ഉപരോധിക്കാനും തീരുമാനിച്ചു.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു