ഡല്‍ഹി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. സുപ്രധാന മേഖലയ്ക്ക് പുറത്തുള്ള കമ്പനികളെ സ്വകാര്യവല്‍കരിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ട കമ്പനികളുടെ എണ്ണം വിരലില്‍ എണ്ണാവുന്നതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ സ്വകാര്യവത്കരണ നയത്തെ കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ തന്ത്രപരമായ വിറ്റഴിക്കലും ഉള്‍പ്പെടുമെന്ന് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടു പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ബജറ്റ് നിര്‍ദേശിക്കുന്നത്.

രാജ്യത്തെ ആസൂത്രണവിഭാഗമായ നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരം നടപടി സ്വീകരിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. അടുത്തതായി വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് നീതി ആയോഗിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ നാല് സുപ്രധാന മേഖലകളില്‍ മാത്രമായി പൊതുമേഖല സ്ഥാപനങ്ങളെ പരിമിതപ്പെടുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഓരോ സെക്ടറിലും മൂന്ന് മുതല്‍ നാലു കമ്പനികള്‍ വരെ നിലനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.