ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതിക്കെതിരെ പരസ്യമായി വിമര്‍ശനവുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തുന്നതിന് മുമ്പ് വെച്ച നിര്‍ദ്ദേശമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ തിരിച്ചയച്ചത്. അതേസമയം റിപ്പോര്‍ട്ട് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കേ്ന്ദ്രസര്‍ക്കാരോ ജുഡീഷ്യറി വൃത്തങ്ങളോ തയാറായിട്ടില്ല.

ജനുവരി 11ന് ചേര്‍ന്ന കൊളീജിയമാണു ജസ്റ്റിസ് ജോസഫിന്റെയും ഇന്ദു മല്‍ഹോത്രയുടെയും പേരുകള്‍ നിര്‍ദേശിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 11ന് നിലവില്‍ വന്ന കൊളീജിയം ശുപാര്‍ശ 22നു കേന്ദ്ര നിയമ മന്ത്രാലയത്തിലേക്ക് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച കൊളീജിയമാണ് ഇപ്പോള്‍ തിരിച്ചയച്ചിരിക്കുന്നത്. അതേസമയം ശുപാര്‍ശ തിരിച്ചയച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ തന്നെ, ഇവരുടെ ശുപാര്‍ശ ആവര്‍ത്തിക്കാന്‍ കൊളീജിയം തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാകും.

2016ല്‍ ബി.ജെ.പിക്ക് പ്രതികൂലമായുള്ള ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയുള്ള വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചായിരുന്നു. തുടര്‍ന്ന് അതേവര്‍ഷം ആന്ധ്രാപ്രദേശില്‍ കെ.എം.ജോസഫിനെ ചീഫ് ജസ്റ്റിസാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാരില്‍നിന്നു തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കണമെന്ന പുതിയ കൊളീജിയത്തില്‍ അദ്ദേഹത്തിന്റെ പേരു ശുപാര്‍ശ ചെയ്യപ്പെട്ടത്.

ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസിനു പുറമേ കൊളീജിയത്തിലുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കൊളീജിയം ചേര്‍ന്നപ്പോള്‍ സുപ്രീം കോടതിയിലേക്കു ജസ്റ്റിസ് ജോസഫിന്റെ പേരു നിര്‍ദേശിക്കാത്തില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനു കുറിപ്പു നല്‍കിയിരുന്നു. ഈ നാലുപേരാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തുവന്നതും.