main stories

മഴവില്ല് പോലെ സി.എച്ച് മന്ത്രിസഭ

By webdesk18

October 12, 2025

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുസ്‌ലിംലീഗ് പ്രതിനിധി, സംസ്ഥാന മുഖ്യമന്ത്രിയായ ചരിത്രദിനത്തിന് ഇന്നേക്ക് 46 വര്‍ഷം. 1979 ഒക്ടോബര്‍ 12 നാണ് സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്ന വാദമുയര്‍ത്തി മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ രാജിവെച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പരിഹാരമായിരുന്നു സി.എച്ച് മന്ത്രിസഭ. ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു സ്പീക്കര്‍. പി.കെ.വിയുടെ രാജിയെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നേത്യത്വപരമായ ചുമതല സ്പീക്കര്‍ ഏറ്റെടുത്തു. ചതുരംഗപ്പലകയിലെ കരുക്കള്‍ നീക്കുന്ന വൈദഗ്ധ്യത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലെ കരുക്കളും നീക്കി. ഓരോ കക്ഷി നേതാക്കളെയും പ്രമുഖ വ്യക്തികളെയും സ്പീക്കര്‍ തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തി, നിയമസഭ പിരിച്ചു വിടാത്ത സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാതെ മന്ത്രിസഭ രൂപീകരിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പായിരുന്നു. പക്ഷെ, മന്ത്രിസഭക്ക് ആര് നേതൃത്വം നല്‍കുമെന്ന സന്ദേഹമാണ് എല്ലാവരും പ്രകടിപ്പിച്ചത്. ആ സന്ദേഹത്തിന് സ്പീക്കര്‍ ചാക്കീരിയുടെ കൈയില്‍ ഒരു ഉത്തരമുണ്ടായിരുന്നു സി.എച്ച് മുഹമ്മദ് കോയ.

രണ്ട് കോണ്‍ഗ്രസുകളും, കേരള കോണ്‍ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളും ജനതാപാര്‍ട്ടിയും, പി.എസ്.പിയും എന്‍.ഡി.പിയും സി.എച്ചിന്റെ നേത്യത്വത്തില്‍ മന്ത്രിസഭ രൂപകരിക്കാന്‍ സന്നദ്ധരായി. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ഗ്രിഗോറിയസ് തിരുമേനി ക്ലിഫ് ഹൗസിലെത്തി മുസ്‌ലിം വിഗ് നേതാക്കളുമായി ചര്‍ച്ച നടത്തി.

മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അടിയന്തിരമായി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു, മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവും ലഭിക്കുകയാണെങ്കില്‍ ഒരു പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കൗണ്‍സില്‍ സി.എച്ചിന് അനുമതി നല്‍കി. ബി.വി. അബ്ദുല്ലക്കോയ, ഇ. അഹമ്മദ്, പി.സീതി ഹാജി തുടങ്ങിയ നേതാക്കള്‍ വിവിധ കക്ഷി നേതാക്കളുമായി നിരന്തരം ചര്‍ച്ചയില്‍ മുഴുകി.

കോണ്‍ഗ്രസ്(ഐ) നേതാവ് കെ.കരുണാകരന്‍, പ്രൊഫ.കെ.എം.ചാണ്ടി, മുസ്ലീം ലീഗ് നേതാവ് ബി.വി. അബ്ദുല്ലക്കോയ, എന്‍.ഡി.പി നേതാവ് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്‍ നായര്‍, പി.എസ്.പി നേതാവ് സി.എം.സുന്ദരം, എന്‍.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ ഒന്നിച്ച് ഗവര്‍ണറെ കണ്ടു. സി.എച്ച്. മുഹമ്മദ് കോയക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണെന്ന് അറിയിച്ചു. ജനതാപാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, എം.പി.വീരേന്ദ്ര കുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ്. ജോണ്‍ എന്നിവര്‍ വെവ്വേറെ ഗവര്‍ണരെ കണ്ടു സി.എച്ചിനുള്ള പിന്തുണ അറിയിച്ചു. ഇ തിനിടയില്‍ സി.എച്ച് മന്ത്രിസഭക്കുള്ള നീക്കങ്ങള്‍ പൊളിക്കാന്‍ ഇ.എം.എസ് ഭഗീരഥ പ്രയത്‌നം തന്നെ നടത്തി. എ.കെ. ആന്റണിയെ രണ്ടു തവണ ഇ.എം.എസ് ചര്‍ച്ചക്ക് വിളിച്ചു. ആന്റണി വഴങ്ങിയില്ല. ഇ.എം.എസ് വീണ്ടും ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ ആന്റണി പറഞ്ഞു. ഇനി നാം തമ്മില്‍ രാഷ്ട്രീയ ഐക്യചര്‍ച്ചയില്ല’. അതോടെ ഇ.എം.എസിന്റെ തന്ത്രം പരാജയപ്പെട്ടു. ആന്റണി രാജഭവനിലെത്തി സി.എച്ചിന് പിന്തുണ നല്‍കുന്ന വിവരം ഔപചാരികമായി ഗവര്‍ണറെ അറിയിച്ചു.

ഒക്ടോബര്‍ 10 ന് വൈകിട്ട് ആറ് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സി.എച്ച് പറഞ്ഞു, താന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറാണ്. ഭൂരിപക്ഷമുണ്ടെന്ന കാര്യം ഗവര്‍ണറെ അറിയിക്കും ബാക്കി കാര്യങ്ങള്‍ നാളെ പറയാം. ഉമ്മന്‍ചാണ്ടി. കെ.എം. മാണി, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം സി.എച്ച് രാജ് ഭവനിലെത്തി. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം സി.എച്ചിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഔപചാരികമായി ക്ഷണിച്ചു.

1979 ഒക്ടോബര്‍ 12 മുസ്‌ലിം ലീഗ് ചരിത്രത്തിലെ അവിസ്മരണിയ ദിനം. അന്ന് ഉച്ചയ്ക്ക് ശേഷം സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ലീ ഗുകാരനായ മുഖ്യമന്ത്രിയായി സി.എച്ച് ചരിത്രം കുറിച്ചു എന്‍.ഭാസ്‌കരന്‍ നായര്‍ എന്‍.കെ.ബാലകൃഷ്ണന്‍ എന്നീ മന്ത്രിമാരും സി.എച്ചിനോടൊപ്പം സത്യപ്രജ്ഞ ചെയ്തു. സി.എച്ചിന്റെ സത്യപ്രിതിജ്ഞാ ചടങ്ങ് മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. ‘രാജ്ഭവന്‍ ഇതേ വരെ കണ്ടിട്ടില്ലാത്ത ആവേശഭരിതമായ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ നേത്യത്ത്വത്തിലുള്ള കേരളത്തിലെ പത്താമത്തെ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്ക് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

അനേകം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാജ്ഭവനിലെ ദാരുശില്പാലംകൃതമായ ഹാളിന് അതൊരു പുതിയ അനുഭവമായിരൂന്നു. കേരളത്തിലെ പത്താം മന്ത്രിസഭയുടെ സ്ഥാനാരോഹണ ചടങ്ങില്‍ മറ്റെന്തിനേക്കാളുമേറെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ആളുകളുടെ ആവേശമാണ് തുളുമ്പി നിന്നത്. രണ്ടു മണിക്കു മുമ്പെ ചടങ്ങിനൊരുങ്ങിയ ഹാള്‍ നിറഞ്ഞു കവി ഞ്ഞു. വരാന്തയിലും ചവിട്ടുപടികളിലും മുറ്റത്തും അകലങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും ആരാധകരും തിങ്ങി ഞെരുങ്ങി.

ലീഗ് നേതാക്കളുമൊത്ത് സി.എച്ച് ഹാളിലേക്ക് കടന്നപ്പോള്‍ അവിടെ കൂടിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് അടങ്ങി നില്‍ക്കാനായില്ല. അവര്‍ അദ്ദേഹത്തിന് സിന്ദാബാദ് വിളിച്ചു. അപ്പോഴേക്കും സി.എച്ചും നഹയും കൈകളുയര്‍ത്തി അവരോട് നിശ്ശബ്ദത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങ് കഴിഞ്ഞയുടന്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും മറ്റു കക്ഷി നേതാക്കളെ അഭിവാദ്യം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്തു. രാജ്ഭവനിലെ വിശാലമായ കോംപൗണ്ടില്‍ കൊടികളുമായി കാത്തു കിടന്ന ആയിരത്തിലേറെ കാറുകള്‍ പുറത്തേക്ക് ഒഴുകിയപ്പോള്‍ ‘സി.എച്ച് മന്ത്രിസഭ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു’.

നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം സി.എച്ച് മന്ത്രിസഭയെയും ബാധിച്ചു. 99 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നു വരെ അമ്പത് ദിവസം മാത്രമാണ് സി.എച്ച് മു ഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. ഒരേ നിയമസഭയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് മുഖ്യമന്ത്രിമാരുണ്ടായി. അഞ്ചാമത്തെ മുഖ്യമന്ത്രിയാവാനുള്ള കെ.എം.മാണിയുടെ വ്യഗ്രതയാണ് സി.എച്ച് മന്ത്രിസഭക്ക് വിനയായത്. കെ.എം.മാണിയുടെ കേരളാ കോണ്‍ഗ്രസ് നവംബര്‍ 14 ന് സി.എച്ച് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുകയും സി.പി.എം നേത്യത്വത്തിലുള്ള ഇടത് ജനാധിപത്യ മുന്നണിയില്‍ ചേരുകയും ചെയ്തു.

കേരള കോണ്‍ഗ്രസ്(മാണി ഗ്രൂപ്പ്) പിന്തുണ പിന്‍വലിച്ച ശേഷവും ഗവണ്‍മെന്റിന് നില നില്‍ക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കേണ്ടപ്പോള്‍ തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും മുഖ്യമ ന്ത്രി സി.എച്ച് പ്രസ്താവിച്ചു. ഇതിനിടയില്‍ നവംബര്‍ 10ന് മന്ത്രിസഭാ വികസനം നടന്നു. എ. നീലലോഹിതദാസന്‍ നാടാര്‍, കെ.ജെ.ചാക്കോ, കെ.എ. മാത്യു എന്നിവര്‍ മന്ത്രിമാരായി. പ്രകടമായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലും അപാരമായ ആത്മവിശ്വാസത്തോടെ സി.എച്ച് തന്റെ മന്ത്രിസഭയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ സാഹചര്യം മാറുകയും നവംബര്‍ 27 ന് എറണാകുളത്ത് 5 ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യുട്ടിവിന്റെയും എം.എല്‍.എമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ തിരഞ്ഞെടുപ്പ് ധാരണയും സഹകരണവും ഉണ്ടാക്കില്ലെന്ന് തിരുമാനിച്ചു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആന്റണി തന്റെ മന്ത്രിസഭക്കുളള പിന്തുണ പിന്‍വലിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നവംബര്‍ 28ന് സി.എച്ച് ഗവര്‍ണറെ കണ്ട് നിയമസഭ പിരിച്ചു വിടാന്‍ അഭ്യര്‍ത്ഥിച്ചു. സി.എച്ച് പ്രതീക്ഷിച്ചതു പോലെ ഉച്ചക്ക് ആന്റണിയും ഗവര്‍ണറെ കണ്ട പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ബദല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആന്റണി പിന്തുണ പിന്‍വലിക്കുന്നതിന് മുമ്പ് സി.എച്ചിന് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ സി.എച്ചിന്റെ ഉപദേശം അംഗീകരിച്ച് ഗവര്‍ണര്‍ നവംബര്‍ 30ന് നിയമസഭ പിരിച്ചു വിട്ടു. പ്രതിപക്ഷത്തെ ഏഴു കക്ഷികള്‍ ചേര്‍ന്ന് കെ.എം.മാണിയെ ഇടതു മുന്നണി നേതാവായി തിരഞ്ഞെടുക്കുകയും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാ ശവാദം ഉന്നയിക്കുകയും ചെയ്തു. പക്ഷെ നിയമസഭ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ തീരുമാനം അവരുടെ പ്രതീക്ഷ തകര്‍ത്തു കളഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ സി.എച്ച് തന്റെ തന്ത്രജ്ഞതയിലൂടെ പ്രതിരോധിച്ചു.

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ ‘യാദ്യശ്ചികമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. അപ്രതീക്ഷി തമായി ഒഴിയുകയും ചെയ്യുന്നു. ഇത്രയും കാലം നിങ്ങളില്‍ നിന്നുണ്ടായ സഹകരണത്തിന് നന്ദി’, സി.എച്ച് പറഞ്ഞു, ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മന്ത്രിസഭയുടെ അവസാനയോഗം ചേരുകയും അഞ്ച് മണിക്ക് മന്ത്രിസഭയുടെ രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ജനാധിപത്യ കേരളം വളരെയേറെ പ്രതീക്ഷയര്‍പ്പിച്ച ഒരു ഗവണ്‍ മെന്ററാണ് അകാലത്തില്‍ പൊലിഞ്ഞു പോയത്‌