kerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By webdesk17

December 02, 2024

കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.

ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും വ്യാപകമായ മഴ തുടരുന്നത്. മഴ കനത്ത സാഹചര്യത്തില്‍ വയനാട് ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.

കോട്ടയം ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര മേഖലകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. കേരള, കര്‍ണാടക, തമിഴ്‌നാട് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. എല്ലാ ജില്ലകളിലും താലൂക്ക് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.