കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സിപിഎം പ്രതിനിധികള്‍ക്ക് ക്യാപ്‌സൂളുകള്‍ക്ക് ക്ഷാമം. ഇന്നു നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. കഴിഞ്ഞ കുറച്ചു ദിവസമായി സ്വപ്‌നയെയും ശിവശങ്കറിനെയും ന്യായീകരിച്ചു പാര്‍ട്ടി പ്രതിനിധികള്‍ നാണം കെട്ടിരുന്നു.

ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ സാന്നിധ്യമില്ലാതായതോടെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. കണ്ണൂരില്‍ നിന്നു ക്യാപ്‌സൂള്‍ എത്താന്‍ വൈകിയതാണ് ചര്‍ച്ചക്കു വരാത്തതിന്റെ കാരണമെന്നടക്കമുള്ള ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കോടിയേരി എന്നീ വിഷയങ്ങളില്‍ അടിക്കടി പതറിപ്പോയ ഘട്ടത്തിലാണ് പാര്‍ട്ടി പ്രതിനിധികള്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുന്നത്.

അതേ സമയം സ്വപ്‌നാ സുരേഷിന്റെ നിര്‍ണായക മൊഴി പുറത്തു വന്നതിനു പിന്നാലെയാണ് പാര്‍ട്ടി പ്രതിനിധികളുടെ വിട്ടു നില്‍ക്കല്‍ എന്നത് ശ്രദ്ധേയമാണ്. എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വച്ചായിരുന്നെന്ന് സ്വപ്‌ന സുരേഷ് ഇഡിക്കു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതോടെ സമ്മര്‍ദത്തിലായ സിപിഎം നേതൃത്വം തല്‍ക്കാലം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയതായാണ് സൂചന.