ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയേയും ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്’.
Also shocked by the attempt to implicate Mr Ramesh Chennithala, LOP, in a case where the investigation agency had filed a closure report FOUR times
How will my friend @SitaramYechury , GS, CPI(M), defend these atrocious decisions?
— P. Chidambaram (@PChidambaram_IN) November 22, 2020
‘അതുപോലെ അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും’, ചിദംബരം ട്വീറ്റ് ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് പുതിയ പൊലീസ് നിയമഭേദഗതി. മാധ്യമ സ്വാതന്ത്ര്യത്തെ ഇത് ഇല്ലാതാക്കുമെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.