താമരശ്ശേരി: ദേശീപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യാഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യു.ഡി.എഫും ഏറ്റെടുക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പു മന്ത്രിയെയും ചുരത്തിന്റെ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്തും. സി.മോയിന്‍കുട്ടി നടത്തുന്ന സമരം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു. സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നതുവരെ നിയമസഭയില്‍ ചുരം വിഷയത്തില്‍ പോരാട്ടം നടത്തുമെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.കെ മുനീര്‍ പറഞ്ഞു.

വയനാട്ടിലെ 200 കേന്ദ്രങ്ങളില്‍ നിന്ന് യൂത്ത്‌ലീഗ് ശേഖരിച്ച ഒപ്പ് അടങ്ങിയ നിവേദനം വയനാട് ജില്ലാ യൂത്ത്‌ലീഗ് എം.കെ മുനീറിന് കൈമാറി. മൂന്നാം ദിവസമായ ഇന്നലെ സമരം കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.