ന്യൂഡല്‍ഹി: സ്‌കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്.

ഇന്നലെയാണ് സംഭവം. ജീവന്‍ ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്‌കൂളിലെ മൂത്രപ്പുരയില്‍ രാവിലെ 11 മണിയോടുകൂടി തുഷാറിന്റെ മൃതദേഹം കാണുകയായിരുന്നു. പിന്നീട് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ ദേഹത്ത് മുറിവുകളോ ചതവുകളോ ഒന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, തുഷാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ സഹപാഠികള്‍ മൂത്രപ്പുരയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാകാമെന്ന് കുടുംബം ആരോപിക്കുന്നു.