മുംബൈ: ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് മുബൈയിലുള്ള ഒരു ഹാസ്യനടനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച മുബൈയിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിംഗിന്റെ മകന്‍ ഏകലവ്യന്‍ നല്‍കിയ പരാതിയിലാണ് ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഷോയില്‍ ഗോദ്‌റ സംഭവത്തെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അനുചിതമായി പരാമര്‍ശിച്ചെന്നാണ് പരാതില്‍ പറയുന്ന മറ്റൊരു കാര്യം. അതേസമയം, അമിത് ഷായ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് ഹാസ്യനടനെ ഹിന്ദ് രക്ഷിന്റെ തൊഴിലാളികള്‍ തല്ലിച്ചതച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫാറൂഖിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് നിരവധി ആളുകള്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ആക്രമണം നടന്നിട്ടില്ലെന്നാണ് ഏകലവ്യന്‍ പറഞ്ഞെങ്കിലും നിരവധി ചിത്രങ്ങളും വിഡിയോയും തെളിവുകളായി നിരത്തിയാണ് ആക്രമണത്തെ അപലപിച്ചവര്‍ രംഗത്തെത്തിയത്.