സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ്: പ്രസിഡണ്ട് വഌഡിമിര്‍ പുട്ടീന്‍ സാക്ഷി, ഫുട്‌ബോള്‍ ലോകം സാക്ഷി-റഷ്യക്കാര്‍ കരുത്ത് തെളിയിക്കാന്‍ ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളടിച്ചു. അത് വഴി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. മിഖായേല്‍ ബോക്‌സാലിന്റെ സെല്‍ഫ് ഗോളില്‍ ഒന്നാം പകുതിയില്‍ ലീഡ്. രണ്ടാം പകുതിയില്‍ ഫിദോര്‍ സിമലോവിന്റെ ഗോളുമായപ്പോള്‍ കാര്യങ്ങള്‍ ആതിഥേയര്‍ വിചാരിച്ചത് പോലെയായി. രണ്ടാം ഗോള്‍ സ്വന്തമാക്കിയ സിമലോവ് കളിയിലെ കേമനായി. ഇന്ന് രണ്ട് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ കൃസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍ കോണ്‍കാകാഫ് ജേതാക്കളായ മെക്‌സിക്കോയെ എതിരിടുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ആഫ്രിക്കന്‍ കരുത്തായ കാമറൂണ്‍ ലാറ്റിനമേരിക്കന്‍ ജേതാക്കളായ അലക്‌സി സാഞ്ചസിന്റെ ചിലിയെ എതിരിടും.ഉദ്ഘാടന മല്‍സരത്തില്‍ എളുപ്പം കീഴടങ്ങിയില്ല ഓഷ്യാന ജേതാക്കളായ ന്യൂസിലാന്‍ഡുകാര്‍. ലോക ഫുട്‌ബോളില്‍ വലിയ വിലാസമില്ലാതിരുന്നിട്ടും അവര്‍ വമ്പന്മാരെ കൂറെ സമയം കെട്ടിയിട്ടു. ഒന്നാം പകുതിയുടെ മുപ്പതാം മിനുട്ടില്‍ ഡെന്നിസ് ഗ്ലൂഷ്‌കോവിന്റെ സ്വപ്‌ന സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ സെല്‍ഫ് ഗോള്‍ പിറക്കുകയായിരുന്നു. ബോക്‌സാലിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. രണ്ടാം പകുതിയില്‍ അലക്‌സാണ്ടര്‍ സിമദോവിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്.