News

നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എന്‍പിപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക്

By webdesk18

January 22, 2025

കൊഹിമ: നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ 15 നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. എന്‍പിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറല്‍ സെക്രട്ടറി എല്‍. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിന്‍ കുമാര്‍, അകിതി ചിഷി തുടങ്ങിയവര്‍ക്കൊപ്പം എന്‍പിപിയുടെ യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസിലെത്തി. നാഗാലാന്‍ഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

1993 മുതല്‍ 2003 വരെ 10 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമായ നാഗാലാന്‍ഡില്‍ 2003ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) തുടര്‍ച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിക്കുകയായിരുന്നു. തുടര്‍ന്ന് 2018ല്‍ ബിജെപി-എന്‍ഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എന്‍ഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.

എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെന്‍ ജാമിര്‍ ആണ് നാഗാലാന്‍ഡിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.