ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേന മേധാവി അടക്കം 13 പേര്‍ക്ക് പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. രാത്രി എട്ടുമണിയോടെ ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിയ ശേഷമാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കുടുംബാംഗങ്ങള്‍, വ്യോമസേനാ മേധാവി, കരസേനാ മേധാവി എം.എം നരവനെ എന്നിവരാണ് ആദരാഞ്ജലിയര്‍പ്പിച്ചത്.
ചടങ്ങുകള്‍ക്കുശേഷം മൃതദേഹങ്ങള്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

സംയുക്ത സൈനിക മേധാവി ബിപിന് റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം നാളെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ഡല്‍ഹി ബാര്‍ സ്‌ക്വയറില്‍ സംസ്‌കാരം നടക്കും.

നാലുപേരുടെ മൃതദേഹം ആണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളത് ബന്ധുക്കള്‍ എത്തുന്ന മുറ തിരിച്ചറിയുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്യും.

ഇന്ന് വൈകിട്ടോടെയാണ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്നും സുലൂരിലെ വ്യോമ കേന്ദ്രം വഴി മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചത്.

അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 യാത്രക്കാരില്‍ സേനാമേധാവി അടക്കമുള്ള 13 പേര്‍ മരിച്ചത്.