രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളാണ് കോവിഡ് പ്രതിരോധത്തിലെ പ്രധാന വെല്ലുവിളി. ഏറ്റവും കൂടുതല്‍ പേരിലേക്ക് കോവിഡ് വ്യാപിപ്പിക്കുന്നതും ഇത്തരം രോഗികളിലൂടെ ആയിരിക്കും. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താന്‍ വളരെയെളുപ്പം സാധിക്കുന്ന ഒരു അല്‍ഗോരിതം വികസിപ്പിക്കുന്ന തിരക്കിലാണ് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍.

ഒരു ചുമ കേട്ടാല്‍ അത് ആരോഗ്യമുള്ള വ്യക്തിയുടെ ചുമയാണോ അതോ കോവിഡ് രോഗിയുടേതാണോ എന്ന് ഈ അല്‍ഗോരിതം തിരിച്ചറിയും. ഇതിനായി 70,000ലധികം പേരുടെ രണ്ട് ലക്ഷം ചുമ സാംപിളുകള്‍ ഗവേഷകര്‍ ഈ അല്‍ഗോരിതത്തിലേക്ക് കയറ്റിക്കഴിഞ്ഞു.

പരീക്ഷണത്തില്‍ 98.5 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ അല്‍ഗോരിതത്തിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഈ അല്‍ഗോരിതം പൂര്‍ത്തിയായാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയോടെ സൗജന്യ ഫോണ്‍ ആപ്പായി ഇറക്കാനാണ് ഗവേഷകരുടെ പദ്ധതി. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇതിലേക്കു ചുമച്ചാല്‍ പരിശോധനയ്ക്ക് പോകണമോ എന്നും മറ്റുള്ളവരില്‍നിന്ന് അകന്നു കഴിയണോ എന്നും ആപ് പറഞ്ഞു തരും.

ഇത് രോഗപരിശോധനയ്ക്ക് പകരമാകില്ലെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമായി ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ ഗവേഷകര്‍ പറയുന്നു.