ബെയ്ജിങ്: ചൈനയില്‍ കോവിഡിന് പിന്നാലെ മറ്റൊരു സാംക്രമിക രോഗം പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രൂസെല്ലോസിസ് എന്ന രോഗമാണ് ചൈനയില്‍ വ്യാപിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ആറായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 55,725 പേരില്‍ പരിശോധന നടത്തിയതായും ഇതില്‍ 6620 പേര്‍ക്ക് ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായും കണ്ടെത്തി.

രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് മനുഷ്യരിലേക്ക് ബ്രൂസെല്ലോസിസ് പടര്‍ന്നതെന്നാണ് സൂചന. എന്നാല്‍ ബ്രുസെല്ലോസിസ് റിപ്പോര്‍ട്ട് ചെയ്‌സ ഗാന്‍സു പ്രവിശ്യയിലെ ലാന്‍സൗയില്‍ വാക്‌സിന്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയാണ് ഈ ഫ്‌ലൂവിന് സമാനമായ ബാക്ടീരിയ പടരാന്‍ ഇടയായത് എന്നും പറയപ്പെടുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഈ ചോര്‍ച്ച ഉണ്ടായതെങ്കിലും ഇപ്പോഴും ആളുകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി ലാന്‍സൗ ഹെല്‍ത്ത് കമ്മിഷന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ബാധിച്ചുള്ള മരണ നിരക്ക് കുറവാണ്. ഏതാനും ആഴ്ച നീളുന്ന പനി, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ആരോഗ്യാവസ്ഥ കൂടുതല്‍ സങ്കീര്‍ണമായാല്‍ മരണം സംഭവിക്കാം. ജോയിന്റുകളിലുണ്ടാവുന്ന ശരീര വേദനയുടെ കാഠിന്യം കൂടുകയും ഇത് ഏറെ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്‌തേക്കും.