ജനീവ : കോവിഡിനെതിരേ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ ഇരുപത് ലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കോവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

ആഗോളതലത്തില്‍ കോവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിനരികിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ്. പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണ്.അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

20 ലക്ഷമെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും അസാധ്യമായ സംഖ്യയാണെങ്കിലും കൂട്ടായ പ്രവര്‍ത്തനമില്ലെങ്കില്‍ അതിലേക്ക് നീങ്ങുമെന്നും വളരെ നിര്‍ഭാഗ്യകരമായ സംഗതിയാണതെന്നും മൈക്കല്‍ റയാന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഡിസംബറില്‍ ആരംഭിച്ച മഹാമാരിയില്‍ ലോകത്താകമാനം 9,84,068 പേര്‍ ഇതുവരെ മരിച്ചതായി എഎഫ് പിയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.