കോവിഡിനെതിരെ പല രോഗികള്‍ക്കും ദീര്‍ഘ കാലത്തേക്ക് രോഗപ്രതിരോധം ഉണ്ടാകുന്നതായി അമേരിക്കയില്‍ നടന്ന പുതിയ പഠനം. എട്ട് മാസത്തിലധികം നീളുന്ന പ്രതിരോധം കോവിഡ് രോഗമുക്തരായവരില്‍ ഉണ്ടാകുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

അമേരിക്കയില്‍ കോവിഡ് രോഗ മുക്തരായ 188 പേരിലെ ആന്റിബോഡി, പ്രതിരോധ കോശ പ്രതികരണങ്ങളാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഇതില്‍ 80 പേര്‍ പുരുഷന്മാരും 108 പേര്‍ സ്ത്രീകളും ആയിരുന്നു. 19 മുതല്‍ 81 വയസ്സ് വരെയായിരുന്നു ഇവരുടെ പ്രായം.
ഇവരില്‍ ഭൂരിഭാഗത്തിനും ആശുപത്രിവാസം വേണ്ടി വരാത്ത തീവ്രത കുറഞ്ഞ കോവിഡ് ആണ് ഉണ്ടായത്. 7 ശതമാനത്തിനു മാത്രമേ ആശുപത്രിയില്‍ കോവിഡ് മൂലം ചികിത്സ തേടേണ്ടി വന്നുള്ളൂ. അപൂര്‍വം ചിലര്‍ മാത്രമേ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടുള്ളൂ.

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനുശേഷം പലകാലങ്ങളിലായി ഇവരില്‍ നിന്നും 254 സാമ്പിളുകള്‍ ശേഖരിച്ചു. ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ബി സെല്ലുകള്‍, രോഗബാധിത കോശങ്ങളെ ഇല്ലാതാക്കുന്ന രണ്ടുതരം ടി സെല്ലുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം ആണ് പരിശോധിച്ചത്. ഇതില്‍ നിന്ന് 6 മുതല്‍ 8 മാസം വരെ ആന്റിബോഡികളുടെ തോതില്‍ നേരിയ കുറവ് മാത്രമേ വന്നിട്ടുള്ളൂ എന്ന് ഗവേഷകര്‍ കണ്ടെത്തി.